കണ്ണൂര്‍- ചൂട് @ 37.1


കണ്ണൂര്‍: വേനല്‍ച്ചൂടില്‍ കാലാവസ്ഥാ കലണ്ടര്‍ ഇക്കുറിയും തകിടംമറിഞ്ഞു. കഴിഞ്ഞവര്‍ഷം ഇതേദിവസങ്ങളില്‍ തണുപ്പും കാറ്റും രേഖപ്പെടുത്തിയപ്പോള്‍ ഇക്കുറി കൊടുംചൂടാണ് വരവേറ്റത്. വേനല്‍ച്ചൂടിന്റെ തുടക്കം പ്രതീക്ഷിച്ചിടത്ത് ഇത്തവണ 37 ഡിഗ്രി കഴിഞ്ഞു. കുറഞ്ഞ ചൂടിലും വലിയ വ്യത്യാസമുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ 19.2 ഡിഗ്രിയുമായിരുന്നു കുറഞ്ഞ ചൂട്. ഇക്കുറിയത് 25-ലെത്തി. കാലാവസ്ഥാ പഠനവിദഗ്ധരുടെ അഭിപ്രായത്തില്‍ 30 മുതല്‍ 32 ഡിഗ്രി ചൂടാണ് ഈസമയം വേണ്ടത്.

കാലാവസ്ഥാ വ്യതിയാനത്തില്‍ പെട്ടെന്നുവന്ന മാറ്റമാണ് ചൂട് ഇത്രയും കൂടാനുള്ള കാരണമെന്ന് പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം കാലാവസ്ഥാവിഭാഗത്തിലെ ഡോ. പി.കെ.രതീഷ് പറഞ്ഞു. സാധാരണ ശിവരാത്രി കഴിയാറുള്ളപ്പോഴാണ് ചൂട് അല്‍പ്പാല്‍പ്പം കൂടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വിഭാഗത്തിന്റെ കണക്ക് പ്രകാരം 37 ഡിഗ്രിയാണ് ഉത്തരമലബാറിലെ കൂടിയ ചൂട്. കണ്ണൂരിലിത് 37.3 ഡിഗ്രിയായിരുന്നു. കുറഞ്ഞ താപനില 25 ആണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതേദിവസം കൂടിയ ചൂട് 33-ഉും കുറവ് 19.2 ഡിഗ്രിയുമായിരുന്നു.

കഴിഞ്ഞവര്‍ഷം ഉത്തരധ്രുവത്തില്‍നിന്നുള്ള ശീതക്കാറ്റ് നിമിത്തമാണ് കാലാവസ്ഥാവ്യതിയാനംവന്നത്. ആപേക്ഷിക ആര്‍ദ്രത 55 ആയി കുറഞ്ഞിരുന്നു. ചൂടുള്ളമാസങ്ങളില്‍ അത് 90 ആണ്. ഈ ആഴ്ച ആപേക്ഷിക ആര്‍ദ്രത 58-85 വരെയാണ് രേഖപ്പെടുത്തിയത്.