പള്ളിവക ഷെഡ് പൊളിച്ചു; വെള്ളമുണ്ടയില്‍ ഹര്‍ത്താല്‍


വെള്ളമുണ്ട: പള്ളിവകസ്ഥലത്തെ ഷെഡ് ഇടവകാംഗങ്ങള്‍ പൊളിച്ചുമാറ്റിയത് സംഘര്‍ഷത്തിനിടയാക്കി. സംഭവത്തില്‍ പ്രതിഷേധിച്ച്‌ വെള്ളമുണ്ടയില്‍ കടകളടച്ച്‌ ഹര്‍ത്താലാചരിച്ചു.

വെള്ളമുണ്ട അങ്ങാടിയിലെ തേറ്റമല സെയ്ന്റ് സ്റ്റീഫന്‍ പള്ളി ഇടവകയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനരികില്‍ വാടകക്കാരന്‍ മറ്റൊരു ഷെഡ് അനധികൃതമായി നിര്‍മിച്ചതാണ് തര്‍ക്കത്തിനിടയാക്കിയത്. മുമ്ബ് ഇടവകയിലിരുന്ന വികാരിയച്ചന്റെ അനുമതിയോടെയാണ് ഷെഡ് നിര്‍മിച്ചതെന്നാണ് വാടകക്കാരനായ വ്യാപാരി പറയുന്നത്. അനധികൃതനിര്‍മിതി പൊളിച്ചുമാറ്റാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും പഞ്ചായത്തോ പോലീസോ നടപടി എടുക്കാത്ത സാഹചര്യത്തിലാണ് സ്വന്തംനിലയില്‍ പൊളിച്ചു മാറ്റാന്‍ തയ്യാറായതെന്ന് ഇടവകാംഗങ്ങള്‍ പറയുന്നു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി സംഘര്‍ഷം നിയന്ത്രിച്ചു.

രാവിലെ പത്ത് മണിയോടെയാണ് ഇടവകാംഗങ്ങള്‍ അങ്ങാടിയിലെത്തിയത്. ഷെഡ് പൊളിക്കാന്‍ തുടങ്ങിയതോടെ വ്യാപാരികളും പ്രതിഷേധം തുടങ്ങി. ഗോഡൗണ്‍ ആവശ്യത്തിനായി മുറിയെടുത്ത് ഈ കെട്ടിടത്തോട് ബന്ധിപ്പിക്കാനുള്ള തീരുമാനമാണ് വിവാദമായത്. തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വ്യാപാരി നേതാക്കളും ഇടവക പ്രതിനിധികളുമായി മാനന്തവാടി ഡിവൈ.എസ്. പി.എം. ചന്ദ്രനുമായി നടത്തിയ ചര്‍ച്ചയില്‍ എഗ്രിമെന്റ് വ്യവസ്ഥകള്‍ പരിശോധിച്ചു. ആവശ്യമായ മാറ്റങ്ങള്‍വരുത്തി വെള്ളിയാഴ്ചയ്ക്കുള്ളില്‍ ധാരണയിലെത്താന്‍ തീരുമാനമായി. ഇതിനെതുടര്‍ന്ന് വ്യാപാരികള്‍ നടത്തിയ ഹര്‍ത്താല്‍ പിന്‍വലിച്ചു. വന്‍ പോലീസ് സംഘമാണ് സംഘര്‍ഷസാധ്യത കണക്കിലെടുത്ത് അങ്ങാടിയില്‍ ക്യാമ്ബ് ചെയ്തത്.