മകള്‍ രാജേശ്വരിക്ക് മിന്നുകെട്ട്; മിഴിനിറഞ്ഞ് അബ്ദുള്ളയും ഖദീജയും
കാഞ്ഞങ്ങാട്: ഭഗവതിയുടെ തിരുനടയില്‍ കാഞ്ഞങ്ങാട്ടെ വിഷ്ണുപ്രസാദ് മേല്‍പ്പറമ്ബ് 'ഷമീംമന്‍സി'ലിലെ രാജേശ്വരിയുടെ കഴുത്തില്‍ താലിചാര്‍ത്തുമ്ബോള്‍ അബ്ദുള്ളയുടെയും ഖദീജയുടെയും മിഴി നിറഞ്ഞൊഴുകി. ആനന്ദക്കണ്ണീര്‍തുടച്ച് ഇരുവരും വധൂവരന്മാരെ അനുഗ്രഹിച്ചു. സാക്ഷ്യം വഹിച്ച് വധുവിന്റെ മറ്റ് മുസ്‌ലിം സഹോദരങ്ങളുമുണ്ടായിരുന്നു.
അബ്ദുള്ള-ഖദീജ ദമ്ബതിമാരുടെ വളര്‍ത്തുമകളാണ് തഞ്ചാവൂരുകാരിയായ രാജേശ്വരി. ''ഏഴോ എട്ടോ വയസ്സായപ്പോള്‍ വന്നതാണ്. അച്ഛനും അമ്മയും മരിച്ചശേഷം ഇവള്‍ നാട്ടിലേക്ക് പോയില്ല. ഇപ്പോള്‍ വയസ്സ് 22 കഴിഞ്ഞു'' -അബ്ദുള്ള പറഞ്ഞു.
ചെറുപ്പത്തിലേ രാജേശ്വരിയുടെ അച്ഛനും അമ്മയും മരിച്ചു. അച്ഛന്‍ ശരവണന്‍ കാസര്‍കോട്ടും മേല്‍പ്പറമ്ബിലും കൂലിപ്പണിയെടുത്താണ് ജീവിച്ചത്. ഏറെക്കാലം അബ്ദുള്ളയുടെ കുന്നരിയത്തെ വീട്ടുവളപ്പിലും കൃഷിയിടത്തിലും പണിയെടുത്തു. അങ്ങനെയാണ് രാജേശ്വരി അബ്ദുള്ളയുടെ വീട്ടിലെത്തിയത്. മക്കള്‍ ഷമീമിനും നജീബിനും ഷെറീഫിനുമൊപ്പം അവരുടെ സഹോദരിയായി രാജേശ്വരിയും വളര്‍ന്നു.
വിവാഹാലോചനവന്നപ്പോള്‍ അബ്ദുള്ളയും വീട്ടുകാരും വിഷ്ണുവിന്റെ വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചു. പുതിയകോട്ടയിലെ ബാലചന്ദ്രന്‍-ജയന്തി ദമ്ബതിമാരുടെ മകനാണ് വിഷ്ണു. കല്യാണം ക്ഷേത്രത്തില്‍ വേണമെന്ന് വിഷ്ണുവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. മുസ്‌ലിം സമുദായക്കാര്‍ക്കുകൂടി കയറാവുന്ന കാഞ്ഞങ്ങാട്ടെ മന്യോട്ട് ക്ഷേത്രത്തില്‍ നടത്താമെന്ന് തീരുമാനിച്ചു.
ഞായറാഴ്ച രാവിലെ അബ്ദുള്ളയുടെ 84-കാരിയായ മാതാവ് സഫിയുമ്മ ഉള്‍പ്പെടെ ബന്ധുക്കളെല്ലാം വിവാഹത്തിനെത്തി. വിഷ്ണുവിന്റെ അമ്മയുടെ സഹോദരി പൂര്‍ണിമയും കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ എച്ച്.ആര്‍. ശ്രീധരനും ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധനും വിഷ്ണുവിന്റെ സുഹൃത്തുക്കളുമെല്ലാം ചേര്‍ന്ന് വധുവിനൊപ്പമെത്തിയവരെ നാലമ്ബലത്തിലേക്ക് ആനയിച്ചു.
ശ്രീകോവിലിനുമുന്നില്‍ ചടങ്ങ് തുടങ്ങുമ്ബോള്‍ തെല്ലകലെ മാറിനിന്ന അബ്ദുള്ളയെയും സഹോദരന്‍ മുത്തലീബിനെയും ഭാര്യാസഹോദരന്‍ ബഷീര്‍ കുന്നരിയത്തിനെയും വരന്റെ ആളുകള്‍ കൈപിടിച്ച് അടുപ്പിച്ചു. മതസൗഹാര്‍ദത്തിന്റെ മനോഹരമായ ആ മുഹൂര്‍ത്തത്തില്‍ വിഷ്ണു രാജേശ്വരിക്കു മിന്നുകെട്ടി.




0 Comments