കേരളത്തിന്റെ സൗജന്യ സ്കൂള്‍യൂണിഫോം: മറ്റു സംസ്ഥാനങ്ങളും നടപ്പാക്കണമെന്നു കേന്ദ്രം
തിരുവനന്തപുരം: കേരളം നടപ്പാക്കിയ സൗജന്യ സ്കൂള്‍യൂണിഫോം പദ്ധതി മറ്റു സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും മാതൃകയാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. പദ്ധതി നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയം ഇവര്‍ക്കെല്ലാം കത്തെഴുതി.
ഓരോ സംസ്ഥാനത്തിലെയും കൈത്തറി ഡയറക്ടര്‍മാര്‍ക്കാണ് ഫെബ്രുവരി 11-നു കത്തയച്ചത്. കൈത്തറിയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി കമ്മിറ്റി നേരത്തേ കേരളത്തിലെത്തി യൂണിഫോം പദ്ധതി വിലയിരുത്തിയിരുന്നു.
സൗജന്യ സ്കൂള്‍ യൂണിഫോം പദ്ധതിയിലൂടെ നെയ്ത്തുകാര്‍ക്ക് തുടര്‍ച്ചയായി ജോലിനല്‍കാനും മെച്ചപ്പെട്ട കൂലിനല്‍കാനും കേരളത്തിനു സാധിച്ചെന്ന് ടെക്‌സ്റ്റൈല്‍ മന്ത്രാലയം ചൂണ്ടിക്കാട്ടി. കൈത്തറിത്തൊഴിലാളികള്‍ക്ക് മിനിമംകൂലി നിശ്ചയിച്ച് ഉത്തരവിറക്കിയതും കേരളത്തിന്റെ മികവായി സാക്ഷ്യപ്പെടുത്തുന്നു. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി നടത്തിയ പഠന റിപ്പോര്‍ട്ടും കത്തിനൊപ്പമുണ്ട്.




0 Comments