പ്ലാസ്റ്റിക് നിരോധനം പാഴ്‌വാക്കാകുന്നു; കംപോസ്റ്റബിള്‍ പ്ലാസ്റ്റിക്കും വ്യാപകം



കോഴിക്കോട്: നിരോധനം കാറ്റില്‍പ്പറത്തി പ്ലാസ്റ്റിക് കാരിബാഗുകള്‍ വിപണിയില്‍ യഥേഷ്ടം. ചെറുകിടകച്ചവടക്കാരില്‍ പലരും പ്ലാസ്റ്റിക് കാരിബാഗുകളിലും കാഴ്ചയില്‍ തുണിസഞ്ചിപോലെ തോന്നിപ്പിക്കുന്ന നോണ്‍ വൂവണ്‍ പോളിപ്രൊപൈലീന്‍ ബാഗുകളിലുമാണ് ഇപ്പോഴും സാധനങ്ങള്‍ വില്‍ക്കുന്നത്. പല സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹോട്ടലുകളിലും സാധനങ്ങള്‍ നല്‍കുന്നത് നിരോധനമുള്ള കംപോസ്റ്റബിള്‍ പ്ലാസ്റ്റിക് കാരിബാഗുകളിലാണ്. തുണി, പേപ്പര്‍ കാരിബാഗുകള്‍ക്ക് മാത്രമാണ് പരിസ്ഥിതി കാലാവസ്ഥാവ്യതിയാനവകുപ്പിന്റെ അനുമതി.

ജനുവരി ഒന്നിന് നിലവില്‍വന്ന സര്‍ക്കാര്‍ഉത്തരവില്‍ കംപോസ്റ്റബിള്‍ പ്ലാസ്റ്റിക്കിന്റെ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ജനുവരി ആറിന് പരിസ്ഥിതിവകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആശുപത്രിമാലിന്യം ശേഖരിക്കാനുള്ള കംപോസ്റ്റബിള്‍ ഗാര്‍ബേജ് ബാഗുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് വ്യക്തമാക്കി.

ഭക്ഷ്യവസ്തുക്കളില്‍നിന്നുള്ള സ്റ്റാര്‍ച്ച്‌ ഉപയോഗിച്ചുനിര്‍മിക്കുന്ന കംപോസ്റ്റബിള്‍ പ്ലാസ്റ്റിക്, ഡൈക്ലോറോമീഥെയിലില്‍ ലയിപ്പിച്ചുകളയാം. എന്നാല്‍, ഇവ നിര്‍മിക്കാനുള്ള അസംസ്‌കൃതവസ്തുവായ പോളി ലാക്ടിക് ആസിഡിന് വില കൂടുതലാണ്. ചെലവുകുറയ്ക്കാന്‍ മറ്റ് രാസവസ്തുക്കള്‍ ചേര്‍ത്ത് നിര്‍മിക്കുന്നത് പരിസ്ഥിതിക്ക് ദോഷകരമാകും.

ക്യു.ആര്‍.കോഡില്‍ കാറിന്റെ വിവരങ്ങള്‍

കേന്ദ്ര മലിനീകരണനിയന്ത്രണബോര്‍ഡിന്റെ അംഗീകാരമുള്ളവയാണ് കംപോസ്റ്റബിള്‍ പ്ലാസ്റ്റിക് ബാഗുകള്‍. 2016-ലെ പ്ലാസ്റ്റിക്മാലിന്യ നിയന്ത്രണനിയമപ്രകാരം, ഐ.എസ്.ഒ. 17088 മാനദണ്ഡപ്രകാരം നിര്‍മിച്ചും നിര്‍മാണവിവരങ്ങളടങ്ങിയ ക്യു.ആര്‍. കോഡ് പതിപ്പിച്ചുമാണ് വിപണിയിലെത്തിക്കുന്നത്.

എന്നാല്‍, വിപണിയില്‍നിന്ന് ലഭിച്ച കംപോസ്റ്റബിള്‍ പ്ലാസ്റ്റിക് കാരിബാഗുകളിലെ ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്യുമ്ബോള്‍ ലഭിച്ചത് കാറുകളുടെ പരസ്യംവരെ. ബയോഡീഗ്രേഡബിള്‍, കംപോസ്റ്റബിള്‍ എന്ന ലേബലുകളില്‍ വ്യാജന്‍മാര്‍ സജീവമാണെന്ന് ഇത് വ്യക്തമാക്കുന്നു.

തദ്ദേശസ്ഥാപനങ്ങളും മലിനീകരണനിയന്ത്രണബോര്‍ഡും ചേര്‍ന്നുള്ള സ്‌ക്വാഡുകളാണ് കടകളില്‍ പരിശോധന നടത്തേണ്ടത്. എന്നാല്‍, പലയിടത്തും ഇത് കാര്യക്ഷമമായി നടക്കുന്നില്ല. അധിക ജോലിഭാരവും ജീവനക്കാരുടെ കുറവുമാണ് ഇതിന് അധികൃതര്‍ കാരണമായി പറയുന്നത്.

മലിനീകരണനിയന്ത്രണബോര്‍ഡ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലീനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്സ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജി എന്നിവര്‍ ചേര്‍ന്ന് കംപോസ്റ്റബിള്‍ പ്ലാസ്റ്റിക് വേര്‍തിരിച്ചറിയാനുള്ള പരിശീലനം നടത്തുന്നുണ്ട്.

Post a Comment

0 Comments