പോക്സോ കേസില്‍ പ്രതിയായ അധ്യാപകനെ അറസ്റ്റ് ചെയ്യണം: സമരവുമായി വിദ്യാര്‍ത്ഥികള്‍



പോക്സോ കേസില്‍ പ്രതിയായ അധ്യാപകനെ അറസ്റ്റ് ചെയ്യണം: സമരവുമായി വിദ്യാര്‍ത്ഥികള്‍

കോഴിക്കോട്: പോക്സോ കേസില്‍ പ്രതിയായ ഹയര്‍സെക്കന്‍ററി സ്കൂള്‍ അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ സമരം. കോഴിക്കോട് ഹിമായത്തുള്‍ സ്കൂളിലാണ് വിദ്യാര്‍ത്ഥികളുടെ ഉപവാസ സമരം. അധ്യാപകനെതിരെ പരാതി നല്‍കിയ വിദ്യാര്‍ത്ഥിയെ സ്കൂള്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. ഹിമായത്തുള്‍ സ്കൂളിലെ ബോട്ടണി അധ്യാപകനായ പി കൃഷ്ണനെതിരെയാണ് പ്ലസ്‍ ടു വിദ്യാര്‍ത്ഥികള്‍ ഒരുമാസം മുമ്ബ് പരാതി നല്‍കിയത്.

ഫേസ്ബുക്കിലൂടെ അശ്ലീല സന്ദേശം അയച്ചു, ശരീരത്തില്‍ കയറി പിടിച്ചു തുടങ്ങിയ ആരോപണങ്ങളുമായി 15 പെണ്‍കുട്ടികള്‍ കമ്മീഷണര്‍ക്ക് നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങി. പിന്നാലെ അധ്യാപകനെ സ്കൂള്‍ മാനേജ്മെന്‍റ് സസ്പെന്‍ഡ് ചെയ്തു. ഇതിനിടെ ഒളിവില്‍ പോയ അധ്യാപകന ഇനിയും കണ്ടെത്താനായിട്ടില്ല.

തുടര്‍ന്ന് പൊലീസ് ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. കുന്ദമംഗലം പെരിങ്ങൊളത്തെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് പാസ്പോര്‍ട്ട് ഉള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ലുക്ക്‌ഔട്ട് നോട്ടീസ് പതിക്കാനാണ് തീരുമാനം.

Post a Comment

0 Comments