വീടെന്ന മോഹം സഫലമായി; ഇരിട്ടിയില്‍ 270 കുടുംബങ്ങള്‍ക്ക് സ്വപ്‌നസാക്ഷാത്കാരം.



വീടെന്ന  മോഹം സഫലമായി; ഇരിട്ടിയില്‍ 270 കുടുംബങ്ങള്‍ക്ക്
സ്വപ്‌നസാക്ഷാത്കാരം.
ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചു.
കയറിക്കിടക്കാന്‍ സ്വന്തമായൊരു വീട് എന്ന ആഗ്രഹം സഫലീകരിച്ചവര്‍, കേട്ടാല്‍ കണ്ണ് നനയിക്കുന്ന ദുരിതങ്ങളില്‍ നിന്നും കരകയറി പുതിയ ജീവിതത്തിന് തുടക്കം കുറിച്ചവര്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ലൈഫ്- പിഎംഎവൈ പദ്ധതികളിലൂടെ വീട് ലഭിച്ച ഇരിട്ടി നഗരസഭയിലെ 270 കുടുംബങ്ങളാണ് ഫാല്‍ക്കണ്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ ഒത്തുചേര്‍ന്നത്.
ഇരിട്ടി നഗരസഭ സംഘടിപ്പിച്ച ലൈഫ് കുടുംബസംഗമത്തിലും അതിനോടനുബന്ധിച്ച് നടന്ന അദാലത്തിലും പങ്കെടുത്തവരെല്ലാം സ്വന്തമായി ഒരു വീട് എന്ന സ്വപ്നം  യാഥാര്‍ഥ്യമായ സന്തോഷത്തിലും സംതൃപ്തിയിലുമായിരുന്നു. തങ്ങള്‍ക്ക് ലഭിച്ച വീട്ടിലെ സൗകര്യക്കുറവുകളെ കുറിച്ച്  ആവലാതിപ്പെടുമ്പോള്‍ വീണ്ടും സര്‍ക്കാര്‍ ഇടപെട്ടത് അവരുടെ സന്തോഷത്തിന് മാറ്റ് കൂട്ടി.  കുടുംബ സംഗമത്തോടൊപ്പം  സംഘടിപ്പിച്ച പരാതിപരിഹാര അദാലത്ത് വീട് എന്ന ആവശ്യം പൂര്‍ത്തിയായതിന് ശേഷവും ഗുണഭോക്താക്കള്‍ അനുഭവിക്കുന്ന  അടിസ്ഥാന പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരെ അറിയിക്കുന്നതിനുള്ള വേദിയായി. സിവില്‍ സപ്ലൈസ്, കെഎസ്ഇബി, കുടുംബശ്രീ,  സാമൂഹ്യക്ഷേമം, പട്ടികജാതി-പട്ടിക വര്‍ഗ വികസനം തുടങ്ങിയ 20 വകുപ്പുകളുടെ സേവനമാണ് അദാലത്തില്‍ ലഭ്യമാക്കിയത്. സിവില്‍ സപ്ലൈസുമായി ബന്ധപ്പെട്ട അപേക്ഷകളാണ് കൂടുതല്‍ ലഭിച്ചത്. റേഷന്‍ കാര്‍ഡിലെ തിരുത്തല്‍, പുതിയ കാര്‍ഡിനുള്ള അപേക്ഷകള്‍ എന്നിവയായിരുന്നു ഇവയിലേറെയും. റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ നല്‍കിയ ഒരു ഗുണഭോക്താവിന്  ചടങ്ങില്‍ വച്ചു തന്നെ പുതിയ കാര്‍ഡ് കൈമാറി. അദാലത്തില്‍ തീര്‍പ്പാകാത്ത പരാതികള്‍  ബന്ധപ്പെട്ട വകുപ്പുകള്‍ ഓഫീസ് തലത്തില്‍ കൈകാര്യം ചെയ്യും. വീട് പണി പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളെയും,  പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് കൈത്താങ്ങായ  കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള 20 അംഗ നിര്‍മ്മാണ ഗ്രൂപ്പിനെയും  ചടങ്ങില്‍ ആദരിച്ചു.
അഡ്വ. സണ്ണി ജോസഫ്  എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരസഭ ചെയര്‍മാന്‍ പി പി അശോകന്‍ അധ്യക്ഷനായി. നഗരസഭ വൈസ് ചെയര്‍മാന്‍ കെ സരസ്വതി,  സെക്രട്ടറി അന്‍സല്‍ ഐസക്, സൂപ്രണ്ട് കെ വി ഗോപിനാഥന്‍, ഡിഎസ്ഒ സീനിയര്‍ സൂപ്രണ്ട് കെ കെ ഗീത, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍,  കൗണ്‍സിലര്‍മാര്‍,  വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍  എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments