വിവാദങ്ങള്‍ക്കിടയില്‍ ഡിജിപി ബ്രിട്ടനിലേക്ക്; യാത്രക്ക് അനുമതി നല്‍കി സര്‍ക്കാര്‍


തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തമാവുന്നതിന് ഇടയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ബ്രിട്ടനിലേക്ക്. ഡിജിപിയുടെ വിദേശ യാത്രക്ക് സര്‍ക്കാര്‍ അനുമതി നല്‍കി.

മാര്‍ച്ച്‌ മൂന്ന് മുതല്‍ അഞ്ച് വരെ ബ്രിട്ടനില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. യാത്ര ചെലവ് ഉള്‍പ്പെടെയുള്ളവ സര്‍ക്കാര്‍ വഹിക്കും. ബ്രിട്ടീഷ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സുരക്ഷ സെമിനാറില്‍ പങ്കെടുക്കാനാണ് ഡിജിപിയുടെ യാത്രയെന്ന് യാത്രക്ക് അനുമതി നല്‍കിയ ഉത്തരവില്‍ പറയുന്നു.

പൊലീസ് സേനയിലെ പാളിച്ചകള്‍ വ്യക്തമായി ചൂണ്ടിക്കാട്ടിയ സിഎജി റിപ്പോര്‍ട്ട് വന്ന പശ്ചാതലത്തില്‍ ഡിജിപിക്ക് വിദേശ യാത്ര നടത്താന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനം ഉയരുന്നു. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിലെത്തി ഡിജിപി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.