ബീഫിനു നിരോധനമില്ല, മാറ്റം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്; വിശദീകരിച്ച് പോലീസ്
തിരുവനന്തപുരം: പുതുതായി പരിശീലനം ആരംഭിക്കുന്ന പോലീസ് ബാച്ചിന്റെ ഭക്ഷണമെനുവില്‍ ബീഫ് ഒഴിവാക്കിയെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നു പോലീസിന്റെ വാര്‍ത്താക്കുറിപ്പ്. ഇതു പോലീസ് ഏര്‍പ്പെടുത്തിയ നിരോധനമല്ലെന്നും ആരോഗ്യകരമായ ഭക്ഷണക്രമം തയാറാക്കിയ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണു നടപടിയെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു.
നേരത്തെ, കേരള പോലീസിന്റെ ഭക്ഷണക്രമത്തില്‍ നിന്നു ബീഫ് ഒഴിവാക്കിയതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിവിധ ക്യാന്പുകള്ക്കു നല്‍കാനായി തയാറാക്കിയ പുതിയ മെനുവില്‍നിന്നാണ് ബീഫ് വിഭവങ്ങള്‍ പുറത്തായത്. വിവിധ ബറ്റാലിയനുകളിലുള്ള പുതിയ ബാച്ചിന്റെ പരിശീലനം ശനിയാഴ്ച തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണു പുതിയ മെനു തയാറാക്കിയത്.
പുഴുങ്ങിയ മുട്ടയും മുട്ടക്കറിയും ചിക്കന്‍ കറിയും തുടങ്ങി കഞ്ഞിയും സാന്പാറും അവിയലും വരെ ഭക്ഷണക്രമത്തിലുണ്ടെങ്കിലും ഒരുനേരം പോലും ബീഫ് വിഭവമില്ല. ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ബീഫ് ലഭിച്ചിരുന്ന ഭക്ഷണക്രമമാണ് ഇപ്പോള്‍ തിരുത്തിയത്.




0 Comments