പോലീസുകാർ വളര്‍ത്തിയ തെരുവുനായ ചത്തു; 40 പോലീസുകാര്‍ പ്രതിരോധ കുത്തിവയ്പ്പെടുത്തു
കണ്ണൂര്‍: പോലീസുകാര്‍ ഭക്ഷണവും വെള്ളവും നല്കി പോറ്റിവളര്‍ത്തിയ തെരുവുനായ പേയിളകി ചത്തതിനെത്തുടര്‍ന്ന് 40 പോലീസുകാര്‍ പ്രതിരോധ കുത്തിവയ്പെടുത്തു. കണ്ണൂര്‍ ട്രാഫിക് പോലീസ് സ്റ്റേഷനിലെ നിത്യസന്ദര്‍ശകനും രാത്രി പോലീസുകാരോടൊപ്പം 'പാറാവ് ഡ്യൂട്ടി' ചെയ്യുകയും ചെയ്തിരുന്ന തെരുവുനായയെ വളരെ സ്നേഹത്തോടെയാണ് പോലീസുകാര്‍ പരിചരിച്ചത്.
പോലീസുകാര്‍ കഴിക്കുന്ന ആഹാരത്തിന്റെ ഒരു വിഹിതം ഇതിന് നല്‍കിയും മറ്റുള്ള തെരുവുനായകളില്‍നിന്നു രക്ഷിച്ചും ഇതിന് സ്റ്റേഷനില്‍ സ്ഥിരതാമസം ഒരുക്കി. ഇതിന് പ്രത്യുപകാരമായി രാത്രിയില്‍ ട്രാഫിക് സ്റ്റേഷന്റെ പരിസരത്ത് അതീവ ജാഗ്രതയോടെയായിരുന്നു ഇത് നിലയുറപ്പിച്ചിരുന്നത്. രണ്ടുദിവസം മുമ്ബ് പോലീസ് സ്റ്റേഷന് കോമ്ബൗണ്ടില്‍ ഇതിനെ ചത്തനിലയില്‍ കണ്ടെത്തുകയായിരുന്നു. നല്ല ആരോഗ്യമുള്ള തെരുവുനായ പെട്ടെന്ന് ചത്തത് പോലീസുകാര്‍ക്കിടയില്‍ സംശയത്തിനിടയാക്കി. തുടര്‍ന്ന് പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് നായയുടെ ജഡം വെറ്ററിനറി സര്ജന് പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍ പോലീസുകാര്‍ ഞെട്ടി.
തെരുവുനായ പേയിളകിയാണ് ചത്തതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്ന് ട്രാഫിക് പോലീസ് സ്റ്റേഷനിലെ 40 പോലീസുകാര്‍ ജില്ലാ ആശുപത്രിയില്‍നിന്ന് പ്രതിരോധ കുത്തിവയ്പ് നടത്തി.




0 Comments