'ഇന്ത ആട്ടം പോതുമാ....' മമ്മൂക്കയുടെ മാസ് ഷോ- ഷൈലോക്ക്
മമ്മൂട്ടി എന്ന താരത്തിന്റെ ഓള്‍ റൗണ്ടര്‍ പ്രകടനം കൊണ്ടാണ് ഷൈലോക്ക് എന്ന ചിത്രം ശ്രദ്ധേയമാവുന്നത്. കടുത്ത മമ്മൂട്ടി ആരാധകരായ രണ്ട് ചെറുപ്പക്കാര്‍ ഒരുക്കുന്ന തിരക്കഥ, കൂട്ടിന് കട്ട മമ്മൂട്ടി ഫാന്‍ ആയ സംവിധായകനും. ഈ കൂട്ടുകെട്ടില്‍ ഹൈ വോള്‍ട്ടേജ് മാസായി മാറുകയാണ് 'ഷൈലോക്ക്'. രണ്ട് മണിക്കൂര്‍ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയില്‍ ആദ്യം മുതല്‍ അവസാനം വരെ മമ്മൂട്ടി എന്ന സൂപ്പര്‍ താരത്തിന്റെ അഴിഞ്ഞാട്ടമാണ്. സ്ക്രീന്‍ പ്രസന്‍സില്‍ നിറഞ്ഞു നില്‍ക്കുന്ന മമ്മൂട്ടിയുടെ മാനറിസങ്ങള്‍ പ്രേക്ഷക കൈയ്യടിയാല്‍ നിറഞ്ഞു നില്‍ക്കുന്നു. ഈ അടുത്ത കാലത്തൊന്നും കാണാത്ത തരത്തിലാണ് മമ്മൂട്ടി എന്ന താരത്തിന്റെ എനര്‍ജ്ജിലെവല്‍. രാജാധിരാജ, മാസ്റ്റര്‍ പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ്. അജയ് വാസുദേവ് ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ ഏത് തരത്തിലുള്ള മാസ് പ്രതീക്ഷിക്കുന്നോ അത്തരം രംഗങ്ങളാല്‍ നിറഞ്ഞു നില്‍ക്കുകയാണ് 'ഷൈലോക്ക്'. ചടുലമായ അക്ഷന്‍ രംഗങ്ങളും സ്ലോ മോഷനും ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും പഞ്ച് ഡയലോഗുകളും എല്ലാം പാകത്തിന് ചേര്‍ത്തൊരുക്കിയ മാസ് ചിത്രമായി ഷൈലോക്കിനെ മാറ്റുവാന്‍ കഴിഞ്ഞു എന്നിടത്താണ് സംവിധായകന്റെ വിജയം. സിനിമാ മോഹിയാണ് മമ്മൂട്ടിയുടെ ബോസ് എന്ന കഥാപാത്രം. നടനാകണം എന്ന് പറഞ്ഞ് നടന്നിട്ട് ഒടുവില്‍ സിനിമാക്കാര്‍ക്ക് പണം പലിശക്ക് കൊടുക്കുന്ന തരത്തിലേക്ക് ആ കഥാപാത്രം മാറുകയാണ് . അതും ക്രൂരനായ പലിശക്കാരനായി. പണം തിരിച്ചുപിടിക്കാന്‍ അയാള്‍ക്ക് അയാളുടേതായ ചില രീതികളുണ്ട്. കടം വാങ്ങിയിട്ട് തിരിച്ചു കൊടുക്കാത്ത നിര്‍മാതാവ് പ്രതാപ വര്‍മ (ഷാജോണ്‍ )യുമായുള്ള കൊമ്ബ് കോര്‍ക്കലില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്. സുഹൃത്തായ സിദ്ധിഖ് അവതരിപ്പുക്കുന്ന പോലീസ് കമ്മിഷണറുടെ സഹായത്തോടെ ബോസിനെ പൂട്ടാന്‍ പ്ലാന്‍ ചെയ്യുന്നതും പിന്നീടുണ്ടാവുന്ന പ്രശ്നങ്ങളിലൂടെയുമാണ് ചിത്രത്തിന്റെ സഞ്ചാരം. ആക്ഷനും തമാശകളും മാസ് ഡയലോഗുകളും പിന്നിട്ട് ചിത്രം രണ്ടാം ഭാഗത്തിലേക്ക് കടക്കുമ്ബോള്‍ മമ്മൂട്ടിയുടെ ഭൂത കാലത്തേക്കാണ് സിനിമ സഞ്ചരിക്കുന്നത്. രാജ് കിരണ്‍ അടക്കമുള്ള താരങ്ങള്‍ പ്രത്യക്ഷപ്പെടുന്നതും ചിത്രത്തിന്റെ രണ്ടാം ഭാഗത്താണ്. അയ്യനാര്‍ എന്ന കഥാപാത്രമായി മലയാളത്തിലുള്ള ആദ്യ അരങ്ങേറ്റം മനോഹരമാക്കാന്‍ രാജ് കിരണിനായി. ഗോപി സുന്ദര്‍ ഒരുക്കിയ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം തീയേറ്ററുകളെ ഇളക്കിമറിക്കുന്നുണ്ട്. റോള്‍സ് റോയ്‌സിലെത്തുന്ന മമ്മൂട്ടിയുടെ 'ബോസിനെ' മാസായി വരവേല്‍ക്കാന്‍ ഗോപി സുന്ദറിന്റെ സംഗീതത്തിനായി. മാസ് ചേരുവകള്‍ ഒട്ടും ചോരാതെ മമ്മൂട്ടി എന്ന സൂപ്പര്‍ താരത്തെ എത്രത്തോളം സ്ക്രീന്‍ പ്രസന്‍സില്‍ ഉപയോഗിക്കാമോ അത്രത്തോളം ഉപയോഗിക്കാന്‍ അജയ് വാസുദേവിന് കഴിഞ്ഞു. ബൈജു സന്തോഷ്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, എന്നീ താരങ്ങളും നിറഞ്ഞു നില്‍ക്കുന്നുണ്ട് ചിത്രത്തില്‍. രണ ദിവയുടെ ക്യാമറയും അനല്‍ അരശ്, മാഫിയ ശശി അടക്കമുളളവരുടെ ആക്ഷന്‍ രംഗങ്ങളും ചിത്രത്തെ കളര്‍ഫുള്ളാക്കി മാറ്റുന്നുണ്ട്. അവതരണത്തിലെ വേഗത കൊണ്ട് എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താന്‍ കഴിയുന്ന മാസ് ചിത്രമാക്കി ഷൈലോക്ക് അജയ് വാസുദേവ് മാറ്റുന്നു.




0 Comments