സെന്‍സസ് ചോദ്യവിവാദത്തില്‍ വെട്ടിലായി സര്‍ക്കാര്‍; ഇല്ലാത്ത ചോദ്യം ഒഴിവാക്കി കുടുങ്ങി, ഒടുവില്‍ തിരുത്ത്
തിരുവനന്തപുരം: സെന്‍സസ് നടപടിക്രമങ്ങളെക്കുറിച്ചുള്ള വിശദീകരണത്തില്‍ സംസ്ഥാന സര്‍ക്കാറിന് ഉണ്ടായത് ഗുരുതര വീഴ്ച. വിവാദമായ രണ്ട് ചോദ്യങ്ങള്‍ സെന്‍സസില്‍ ഉണ്ടെന്നും അത് ഒഴിവാക്കിയെന്നും ആദ്യം വിശദീകരിച്ചതും പിന്നീട് തിരുത്തിയതും സര്‍ക്കാറിന് നാണക്കേടായി.
തിങ്കളാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് സെന്‍സസിലെ രണ്ട് ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. വ്യക്തിയുടെ ജനനതിയ്യതി, മാതാപിതാക്കളുടെ ജനനസ്ഥലത്തെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ ഒഴിവാക്കാനായിരുന്നു തീരുമാനം. പക്ഷെ ആദ്യ ഘട്ട സെന്‍സസിന്‍റെ 34 ചോദ്യങ്ങളുടെ പട്ടികയില്‍ ഈ ചോദ്യങ്ങള്‍ ഇല്ല. അത് തിരിച്ചറിഞ്ഞതാകട്ടെ സര്‍ക്കാര്‍ തീരുമാനം വന്നതിന്‍റെ അടുത്ത ദിവസം സെന്‍സസ് ഡയറക്ടറേറ്റും പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചതോടെ. വിവാദ ചോദ്യങ്ങള്‍ സെന്‍സസില്‍ ഇല്ലെന്നും ജനസംഖ്യാ രജിസ്റ്ററിലാണുള്ളതെന്നും പിന്നീട് പൊതുഭരണവകുപ്പ് മാധ്യമങ്ങളെ അനൗദ്യോഗികമായി അറിയിച്ചു.
ഔദ്യോഗികമായി അറിയിക്കണമോയെന്ന സംശയങ്ങള്‍ക്കൊടുവില്‍ ചീഫ് സെക്രട്ടറി വിശദീകരണമിറക്കി. സെന്‍സസും ജനസംഖ്യ രജിസ്റ്ററും രണ്ടാണ്. ജനസംഖ്യ രജിസ്റ്ററുമായി സഹകരിക്കില്ല എന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും ജനസംഖ്യ രജിസ്റ്ററിലെ ഒരു ചോദ്യവും കേരളത്തില്‍ ചോദിക്കില്ലെന്നും ചീഫ് സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
സെന്‍സസ് ഡയറക്ടറേറ്റില്‍ മാസങ്ങള്‍ക്ക് മുമ്ബ് കേന്ദ്രത്തില്‍ നിന്നും ചോദ്യാവലി എത്തിയിട്ടും മന്ത്രിസഭാ യോഗം ഇല്ലാത്ത വിവാദചോദ്യങ്ങളെ കുറിച്ച് അര മണിക്കൂറിലേറെ ചര്‍ച്ച ചെയ്തതാണ് സര്‍ക്കാറിനെ വെട്ടിലാക്കുന്നത്. ചീഫ് സെക്രട്ടറി പോലും കാബിനറ്റില്‍ വ്യക്തതവരുത്തിയില്ല എന്നത് നാണക്കേട് മാത്രമല്ല സര്‍ക്കാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. സര്‍ക്കാറിന് ഒന്നിലും വ്യക്തതയില്ല എന്ന് യുഡിഎഫും അനാവശ്യ വിവാദമുണ്ടാക്കിയെന്ന് ബിജെപിയും കുറ്റപ്പെടുത്തുമെന്ന് ഉറപ്പാണ്.




0 Comments