ബസിന് ഫിറ്റ്‌നെസ് വേണോ.. സിഗ്നല്‍ ലൈറ്റുകള്‍ നിര്‍ബന്ധം, മുന്‍ ഗ്ലാസില്‍ സ്റ്റിക്കറും വേണ്ട

ബസിന് ഫിറ്റ്‌നെസ് വേണോ.. സിഗ്നല്‍ ലൈറ്റുകള്‍ നിര്‍ബന്ധം, മുന്‍ ഗ്ലാസില്‍ സ്റ്റിക്കറും വേണ്ട




പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ബസുകള്‍ക്ക് സിഗ്‌നല്‍ലൈറ്റുകള്‍ അടക്കമുള്ളവ ഉറപ്പാക്കിയേ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാവൂവെന്ന് ഹൈക്കോടതി. മോട്ടോര്‍വാഹന നിയമത്തില്‍ പറയുന്ന സിഗ്‌നല്‍സംവിധാനങ്ങളാണ് ഉറപ്പാക്കേണ്ടത്.

നിയമത്തിന് വിരുദ്ധമായ സംവിധാനങ്ങള്‍ ഉപയോഗിച്ച വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നും കോടതി വ്യക്തമാക്കി. 20 വര്‍ഷത്തിലേറെ പഴക്കമുള്ള ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കരുതെന്ന തീരുമാനത്തെ ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ പരിഗണിച്ച്‌ ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്റെതാണ് ഉത്തരവ്.

നിലവില്‍ ഇത്തരത്തിലുള്ള വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കിയിട്ടുണ്ടെങ്കില്‍ റദ്ദാക്കണം.ഇത്തരം വാഹനങ്ങള്‍ ഓടിച്ചാല്‍ ഡ്രൈവറെ മൂന്നുമാസത്തേക്ക് അയോഗ്യനാക്കണം. വാഹനയുടമയ്‌ക്കെതിരേയും നടപടി ഉണ്ടാകും.

മുന്നിലെ ഗ്ലാസില്‍ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരം സ്റ്റിക്കറും ഗ്രാഫിക്‌സും പതിക്കരുത്. ഇങ്ങിനെയുള്ള വാഹനങ്ങള്‍ക്ക് താത്കാലിക പെര്‍മിറ്റുപോലും നല്‍കരുത്. സൈഡ് ഗ്ലാസുകളും സ്റ്റിക്കര്‍ പതിച്ച്‌ മറയ്ക്കരുത്.

മോട്ടോര്‍വാഹന നിയമത്തില്‍ പറയുന്നതിന് വിരുദ്ധമായ ക്രാഷ്ഗര്‍ഡ്, ചവിട്ടുപടി, ബുള്‍ബാര്‍ തുടങ്ങിയവയും വെക്കരുത്. ബസ് ബോഡിയും നിയമത്തില്‍ പറയുംപ്രകാരമായിരിക്കണം. വാഹനങ്ങള്‍ പെയിന്റുചെയ്ത് സൂക്ഷിക്കണം. പെര്‍മിറ്റ് അനുവദിക്കുന്നതിന് മുന്‍പ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ ഇതെല്ലാം ഉറപ്പാക്കണം.

Post a Comment

0 Comments