കൊട്ടിയൂര്‍ വനമേഖല മാവോവാദികളുടെ സ്ഥിരസാന്നിധ്യകേന്ദ്രം
കേളകം: അമ്ബായത്തോട് ടൗണില്‍ മാവോവാദികളെത്തി സായുധപ്രകടനം നടത്തുന്നത് രണ്ടാംതവണയാണ്. 2018 ഡിസംബര്‍ 28-നായിരുന്നു ഇതിനുമുമ്ബ് ഒരുസംഘം മാവോവാദികള്‍ പ്രദേശത്തെത്തി സായുധപ്രകടനം നടത്തിയത്. അന്ന് രാത്രി ഏഴുമണിയോടെ എത്തിയ സംഘം ഭക്ഷണസാധനങ്ങളടക്കം വാങ്ങിയായിരുന്നു മടങ്ങിയത്. എന്നാല്‍, തിങ്കളാഴ്ച ഇവരെത്തിയത് പുലര്‍ച്ചെ ആറുമണിയോടെയാണ്. സംഘത്തിലാരും ഭക്ഷണസാധനങ്ങളോ പണമോ ആവശ്യപ്പെട്ടിട്ടില്ല. ഒരുവര്‍ഷത്തിനുശേഷമാണെങ്കിലും അമ്ബായത്തോട്ടില്‍ത്തന്നെ വീണ്ടും മാവോവാദികളെത്തിയതിന് കാരണം വനത്തിന്റെ സാന്നിധ്യമാണ്. മലയോരമേഖലയില്‍ വനപ്രദേശങ്ങള്‍ ഏറ്റവുമടുത്തുള്ള പട്ടണങ്ങളിലൊന്നാണ് അമ്ബായത്തോട്. ഒരു കിലോമീറ്ററില്‍ താഴെമാത്രമാണ് ഇവിടെ പട്ടണവും വനവും തമ്മിലുള്ള ദൂരം.
കണ്ണൂര്‍, വയനാട് ജില്ലകളെയും കര്‍ണാടകത്തെയും ബന്ധിപ്പിക്കുന്ന വിശാലമായ വനമേഖലയാണ് കൊട്ടിയൂര്‍ വനവും അതിനോടുചേര്‍ന്ന ആറളം വന്യജീവി സങ്കേതവും. വനമേഖലകള്‍വഴി സുഗമമായി രണ്ട് സംസ്ഥാനങ്ങളിലേക്കും കടക്കാമെന്നതാകാം മാവോവാദികള്‍ ഈ പ്രദേശങ്ങള്‍ സ്ഥിരതാവളമാക്കാനുള്ള കാരണം. അമ്ബായത്തോട് കൂടാതെ രാമച്ചിയും മാവോവാദികളുടെ സ്ഥിരസാന്നിധ്യമുള്ള പ്രദേശമാണ്. പുറംലോകവുമായി അധികം ബന്ധങ്ങളില്ലാത്ത രാമച്ചിയില്‍ കുറിച്യ, പണിയ കോളനികളില്‍ വര്‍ഷങ്ങളായി മാവോവാദികളുടെ സാന്നിധ്യമുണ്ട്. ഭക്ഷണം ശേഖരിക്കാനും തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിച്ച് ആളുകളെ ഒപ്പം ചേര്‍ക്കാനുമുള്ള ശ്രമങ്ങളുമാണ് മാവോവാദികള്‍ രാമച്ചിയില്‍ നടത്തിയത്. കോളയാട് ചെക്യേരി കോളനിയിലും ഒരുമാസംമുമ്ബ് മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
അമ്ബായത്തോട്ടില്‍ 2018-ലെ മാവോവാദികളുടെ സായുധപ്രകടനത്തിനുശേഷം തണ്ടര്‍ബോള്‍ട്ടിന്റെയും നക്സല്‍വിരുദ്ധ സേനയുടെയും നേതൃത്വത്തില്‍ പ്രദേശത്ത് വലിയ തിരച്ചിലും നിരീക്ഷണവും നടത്തിവരികയാണ്. കേളകം പോലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് തണ്ടര്‍ബോള്‍ട്ടിന്റെ ഒരുസംഘം പ്രദേശത്തും വനമേഖലകളിലും സ്ഥിരമായി തിരച്ചില്‍നടത്തിയിരുന്നു. ഇത്തരത്തില്‍ തിരച്ചില്‍ നടത്തുന്നതിനായി പോയ സംഘം കഴിഞ്ഞ മഴക്കാലത്ത് പുഴയില്‍ വെള്ളംനിറഞ്ഞ് വനത്തില്‍ കുടുങ്ങിയിരുന്നു. മാവോവാദികളെ കണ്ടെത്താന്‍ 'ഓപ്പറേഷന്‍ ഹോക്ക്' എന്ന പേരില്‍ കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ തിരച്ചില്‍നടത്തിയിരുന്നു. തുടര്‍ന്ന് കര്‍ണാടക, തമിഴ്‌നാട് പോലീസുമായി സഹകരിച്ച് വനമേഖലകളില്‍ കോമ്ബോ ഓപ്പറേഷനുകളും നടത്തി. എന്നാല്‍, പോലീസിന് മാവോവാദികളുടെ താവളങ്ങളെയോ സഞ്ചാരപാതകളെയോകുറിച്ച് വ്യക്തമായി വിവരം ലഭിച്ചിട്ടില്ല.




0 Comments