ഒരാള്‍ക്ക് ഒരു പദവി' വേണ്ടെന്നു എ, ഐ ഗ്രൂപ്പുകള്‍; വിട്ടുവീഴ്ചയില്ലാതെ മുല്ലപ്പള്ളി.
ന്യൂഡല്‍ഹി: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കം അവസാനിക്കാതെ കോണ്‍ഗ്രസ്. ഒരാള്‍ക്ക് ഒരു പദവി എന്ന സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടില്‍ ഉടക്കിയാണു പുനഃസംഘടന വൈകുന്നത്. എംഎല്‍എമാരും എംപിമാരും ഏറെ തിരക്കുള്ളവരാണെന്നും, അതിനാല്‍ പാര്‍ട്ടി ചുമതല കൂടി ഏറ്റെടുക്കുന്നത് അമിത ഭാരമാകുമെന്നുമാണു മുല്ലപ്പള്ളിയുടെ നിലപാട്.
ഇതിനെ എതിര്‍ക്കുന്ന ഐ ഗ്രൂപ്പ് എംഎല്‍എമാരെ അടക്കം ഭാരവാഹികള്‍ ആക്കണമെന്നു വാദിക്കുന്നു. വര്‍ക്കിംഗ് പ്രസിഡന്റ് പദവിയില്‍ എംപിമാരായ കെ. സുധാകരനും കൊടിക്കുന്നില്‍ സുരേഷിനും ഇളവ് നല്‍കണമെന്നും ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്നു. അതേസമയം, ഒരാള്‍ക്കു ഒരു പദവി നടപ്പാക്കണമെന്ന് മുതിര്‍ന്ന നേതാവ് പ്രഫ. കെ.വി. തോമസ് പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്.
പുനഃസംഘടന സംബന്ധിച്ച അന്തിമ ചര്ച്ചകല് വ്യാഴാഴ്ച ഡല്‍ഹിയില്‍ നടക്കുമെന്നാണു റിപ്പോര്‍ട്ട്. ചര്‍ച്ചകള്‍ക്കായി രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഡല്‍ഹിയിലെത്തും. കഴിഞ്ഞദിവസം പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായി ചര്‍ച്ച നടത്തിയശേഷം രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും നാട്ടിലേക്കു മടങ്ങിയിരുന്നു.
0 Comments