മയ്യിലിലെ കൃഷിനാശം വിലയിരുത്താന്‍ വിദഗ്ധസംഘമെത്തി



മയ്യിലിലെ കൃഷിനാശം വിലയിരുത്താന്‍ വിദഗ്ധസംഘമെത്തി

മയ്യില്‍: രണ്ടാംവിള കൃഷിയിറക്കി പ്രതിസന്ധിയിലായ മയ്യില്‍ പഞ്ചായത്തിലെ മാന്തവയല്‍, വള്ളിയോട്ട്, ഏന്തിവയല്‍ പാടശേഖരങ്ങളില്‍ ഉന്നതതലസംഘം സന്ദര്‍ശനം നടത്തി. ഇവിടെയുള്ള ഏക്കര്‍ കണക്കിന് കൃഷിയില്‍നിന്ന് നെല്ലും പുല്ലും ലഭിക്കില്ലെന്ന കര്‍ഷകരുടെ ആശങ്ക 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് സന്ദര്‍ശനം.

ഇവിടെ നെല്‍ച്ചെടികള്‍ പാകമാകുന്നതിനുമുന്‍പേ പൂവിട്ടെന്നും വളരെ കുറച്ച്‌ കതിര്‍മണികളാണുള്ളതെന്നും ഗുണംകുറഞ്ഞ വിത്താണിതിന് കാരണമെന്നുമായിരുന്നു കര്‍ഷകരുടെ പ്രധാന പരാതി. തളിപ്പറമ്ബ് കൃഷി വിജ്ഞാനകേന്ദ്രത്തിലെ കൃഷി ശാസ്ത്രജ്ഞന്‍ ഡോ. പി. ജയരാജ്, പന്നിയൂര്‍ കുരുമുളക് ഗവേഷണ സ്ഥാപനത്തിലെ സസ്യരോഗ വിദഗ്ധരായ ഡോ. യാമിനി വര്‍മ, ഡോ. വി.പി.നീമ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ.സാവിത്രി, ആത്മ ഡെപ്യൂട്ടി പ്രോജക്‌ട് ഡയറക്ടര്‍ രമേഷ് ബാബു, ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.സുരേഷ്, മയ്യില്‍ കൃഷി ഓഫീസര്‍ ഡോ. വി.പി.രാജന്‍, ടി.കെ.ബാലകൃഷ്ണന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

വിവിധ പാടശേഖരങ്ങളിലെ കര്‍ഷകരായ സി.രാമദാസന്‍, കെ.സി. പവിത്രന്‍ നമ്ബ്യാര്‍, കെ.പി.ചന്ദ്രന്‍, കെ.പി.ബാലകൃഷ്ണന്‍, കെ.അസൈനാര്‍, സി.വി.ഗോപാലന്‍ നമ്ബ്യാര്‍, തളിയന്‍ ഗോവിന്ദന്‍ നായര്‍, ഇ.പി.രാജന്‍, കെ.നാരായണന്‍ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.

കാരണം കണ്ടെത്തി

പോഷകംകുറഞ്ഞതുമൂലമുള്ള രോഗങ്ങള്‍, നടീല്‍ കാലതാമസം, കാലാവസ്ഥയിലുണ്ടായ വ്യതിയാനം, മണ്ണിലെ അമ്ളത്വക്കുറവ് എന്നിവയാണ് പ്രശ്നമായതെന്ന് സംഘം കണ്ടെത്തി. ജലനിര്‍ഗമന ചാലുകള്‍ പാടശേഖരത്തിലില്ലാത്തതും കൃഷിയുടെ പോഷണത്തെ ബാധിച്ചിട്ടുണ്ടെന്ന് സംഘം വിലയിരുത്തി.

Post a Comment

0 Comments