എങ്ങുമെത്താതെ റോഡുപണി; നെല്ലൂന്നിയില്‍ വാഹനം തടഞ്ഞ് പ്രതിഷേധം
മട്ടന്നൂര്‍: നവീകരണത്തിന്റെ ഭാഗമായി പൊളിച്ചിട്ട മട്ടന്നൂര്‍-തലശ്ശേരി റോഡ് ഗതാഗതയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നിര്‍മാണ കമ്ബനിയുടെ വാഹനങ്ങള്‍ തടഞ്ഞിട്ടു. നെല്ലൂന്നിയില്‍ വ്യാഴാഴ്ച രാവിലെയാണ് ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തില്‍ വാഹനങ്ങള്‍ തടഞ്ഞത്. മെക്കാഡം ടാറിങ് വേഗത്തില്‍ പൂര്‍ത്തീകരിക്കാമെന്ന അധികൃതരുടെ ഉറപ്പില്‍ ഉച്ചയോടെ പ്രതിഷേധം അവസാനിപ്പിച്ചു.
കെ.എസ്.ടി.പി. റോഡ് നവീകരണത്തിന്റെ ഭാഗമായി മട്ടന്നൂര്‍മുതല്‍ കരേറ്റവരെ റോഡ് പലയിടത്തായി പൊളിച്ചിട്ടനിലയിലാണ്. മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രവൃത്തിനടത്താത്തതിനാല്‍ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ദുരിതമായതോടെയാണ് നാട്ടുകാര്‍ സംഘടിച്ചെത്തി ടിപ്പര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞിട്ടത്. പൊടിശല്യംകാരണം റോഡരികിലെ വീട്ടുകാര്‍ക്കും വ്യാപാരികള്‍ക്കും ഏറെ പ്രയാസമാണുണ്ടാകുന്നത്. പൊടിശല്യത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ തുടങ്ങുമെന്ന് നാട്ടുകാര്‍ പറഞ്ഞു. വാഹനങ്ങള്‍ തടഞ്ഞിട്ടതോടെ അധികൃതര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ചനടത്തി.
പാലോട്ടുപള്ളി, നിടുവോട്ടുംകുന്ന്, നെല്ലൂന്നി, കരേറ്റ തുടങ്ങിയ സ്ഥലങ്ങളിലും റോഡ് യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച് പൊളിച്ചിട്ടതിനാല്‍ യാത്രക്കാര്‍ ദുരിതമനുഭവിക്കുന്നുണ്ട്. ഇ.ജയപ്രകാശ്, എന്‍.ദിനേശന്‍, എം.രവീന്ദ്രന്‍, പി.സൂരജ്, പി.വിഷ്ണു, വൈശാഖ് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വംനല്‍കി.
0 Comments