ദേശീയപാത: പാപ്പിനിശ്ശേരി-പഴയങ്ങാടി റോഡ് കവലയില്‍ ട്രാഫിക് സര്‍ക്കിള്‍ സ്ഥാപിക്കണമെന്നാവശ്യം



ദേശീയപാത: പാപ്പിനിശ്ശേരി-പഴയങ്ങാടി റോഡ് കവലയില്‍  ട്രാഫിക് സര്‍ക്കിള്‍ സ്ഥാപിക്കണമെന്നാവശ്യം

പാപ്പിനിശ്ശേരി: ദേശീയപാതയില്‍ പാപ്പിനിശ്ശേരി - പഴയങ്ങാടി റോഡ് കവലയില്‍ അടിയന്തരമായി ട്രാഫിക് സര്‍ക്കിള്‍ സ്ഥാപിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. പാപ്പിനിശ്ശേരിക്കും പുതിയതെരുവിനും ഇടയിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഇത് സഹായിക്കും. പലപ്പോഴും പഴയങ്ങാടി ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ ദേശീയപാതയിലേക്ക് കയറുമ്ബോള്‍ സൃഷ്ടിക്കുന്ന ചെറിയ കുരുക്കാണ് വലിയ കുരുക്കിലേക്ക് നീങ്ങുന്നത്.

പഴയങ്ങാടി ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ പകല്‍സമയത്ത് പാപ്പിനിശ്ശേരി കടവ് റോഡില്‍നിന്ന്‌ പഴയ കോട്ടണ്‍സ് റോഡ് വഴി തിരിച്ചുവിടുന്ന പരിഷ്കാരവും പ്രയോജനംചെയ്യാത്ത അവസ്ഥയാണ്. കടവ് റോഡില്‍നിന്ന്‌ ഇപ്പോഴത്തെ പഴയങ്ങാടി റോഡ് കവലയിലേക്ക് കേവലം ഇരുനൂറുമീറ്ററാണുള്ളത്. എന്നാല്‍, ഇതിന് പകരമായി ബദല്‍ റോഡ് കടന്ന് പാപ്പിനിശ്ശേരി ചുങ്കംവഴി വാഹനങ്ങള്‍ രണ്ടര കിലോമീറ്റര്‍ ചുറ്റിയാണ് കവലയിലെത്തുന്നത്. ഈരീതിയില്‍ വഴിതിരിച്ചുവിട്ടിട്ടും കുരുക്കിന് ശമനമില്ലാത്ത സ്ഥിതിയാണ്.

കൂടാതെ സമയക്രമം പാലിച്ച്‌ ഓടിയെത്താന്‍ പാടുപെടുന്ന ബസ്സുകള്‍ക്ക് ഈ ദൂരപ്രശ്നം വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്. ഇതിനെല്ലാം ശാശ്വത പരിഹാരമായാണ് കവലയില്‍ ട്രാഫിക് സര്‍ക്കുളുണ്ടാക്കണമെന്ന് പറയുന്നത്.

പാപ്പിനിശ്ശേരി-പിലാത്തറ റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി പാപ്പിനിശ്ശേരി കവലയില്‍ ട്രാഫിക് ഐലന്‍ഡ്‌ സ്ഥാപിക്കുമെന്ന്‌ പ്രഖ്യാപനമുണ്ടായിരുന്നു. പ്രസ്തുത കവലയില്‍ റോഡ് വികസനത്തിനാവശ്യമായ സൗകര്യമുണ്ടായിട്ടും കെ.എസ്.ടി.പി. അധികൃതര്‍ വാഗ്ദാനംപാലിക്കാന്‍ തയ്യാറാകുന്നില്ല.

Post a Comment

0 Comments