'കൂട്ടുകാരിക്കൊരു വീട്' നിര്‍മാണവുമായി അഞ്ചരക്കണ്ടി സ്കൂള്‍ പി.ടി.എ.
അഞ്ചരക്കണ്ടി: 'വീടില്ലാത്തവര്‍ക്ക് വീട്' എന്ന പദ്ധതിയുമായി അഞ്ചരക്കണ്ടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പി.ടി.എ. സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വീടില്ലാത്ത നിര്‍ധനരായ വിദ്യാര്‍ഥിനികളുടെ കുടുംബത്തിന് വീട് നിര്‍മിച്ചുകൊടുക്കുകയാണ് സ്കൂളിലെ അധ്യാപക രക്ഷാകര്‍തൃ സമിതി. കുഴിമ്ബാലോട് മെട്ടയിലെ പരേതനായ കെ.സി.വസന്തന്റെയും കെ.ഷിബയുടെയും മക്കളും സ്കൂളിലെ പ്ലസ് വണ്‍, ഒന്‍പതാംതരം വിദ്യാര്‍ഥിനികളുമായ അഞ്ജനക്കും നേഹക്കുമാണ് സ്വന്തമായൊരു വീട് ഒരുങ്ങുന്നത്.
വീട് നിര്‍മാണത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം സ്കൂള്‍ മാനേജര്‍ വി.പി.കിഷോറും സൊസൈറ്റി സെക്രട്ടറി പി.മുകുന്ദനും ചേര്‍ന്ന് നിര്‍വഹിച്ചു. കരള്‍രോഗത്തെത്തുടര്‍ന്ന് രണ്ടുമാസംമുമ്ബാണ് വസന്തന്‍ മരണപ്പെട്ടത്. ചികിത്സാ ചെലവിനുണ്ടായ കടം നാട്ടുകാര്‍ കമ്മിറ്റി രൂപവത്‌കരിച്ച് പ്രവര്‍ത്തിച്ച് ഇതിനകം പരിഹരിച്ചെങ്കിലും ഇവര്‍ക്ക് വീട് ഒരു സ്വപ്നമായിരുന്നു.
ഈ ഘട്ടത്തിലാണ് അധ്യാപക രക്ഷാകര്‍തൃ സമിതിയുടെ ഇടപെടല്‍. വീട് നിര്‍മാണത്തിനാവശ്യമായ സാമ്ബത്തികവും വിഭവങ്ങളും സ്കൂള്‍ അധ്യാപികാധ്യാപകരും അവിടെ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളും ചേര്‍ന്നാണ് സമാഹരിക്കുന്നത്. നിര്‍മാണപ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും മേല്‍നോട്ടംവഹിക്കുന്നതിനും ഒരു പ്രദേശിക കമ്മറ്റിയും പി.ടി.എ.യുടെ നേതൃത്വത്തില്‍ രൂപവത്‌കരിച്ചു.
പി.ടി.എ. പ്രസിഡന്റ് എം.വി.അനില്‍കുമാര്‍, വി.പി.കിഷോര്‍, പി.മുകുന്ദന്‍, എം.വി.ദേവദാസ്, കെ.രാജേന്ദ്രന്‍, എ.പി.എം.രമാദേവി എന്നീ രക്ഷാധികാരികളും വര്‍ക്കിങ് ചെയര്‍മാന്‍ കെ.ഇ.നന്ദകുമാര്‍, കണ്‍വീനര്‍ പി.പ്രശാന്തന്‍, സഹഭാരവാഹികളായി എം.രമേശന്‍, എം.രാജീവന്‍, കെ.കെ.പ്രശാന്തന്‍, കെ.സി.രാഗേഷ് ഉള്‍പ്പെടെ 25 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു. ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് എം.വി.അനില്‍കുമാര്‍ പദ്ധതിവിശദീകരണം നടത്തി. കെ.ഇ.നന്ദകുമാര്‍ അധ്യക്ഷതവഹിച്ചു.
പ്രിന്‍സിപ്പല്‍ കെ.രാജേന്ദ്രന്‍, എന്‍.എം.പുരുഷോത്തമന്‍, എം.രമേശന്‍, കെ.സജീവന്‍, എ.പി.മനോജ്, പി.അശോകന്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ എം.ഷീജ എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍ ഒരുദിവസത്തെ സേവനപ്രവര്‍ത്തനം നടത്തി. പി.ടി.എ. വൈസ് പ്രസിഡന്റ് വി.പ്രശാന്തന്‍, ഒ.എം.ലീന എന്നിവര്‍ സംസാരിച്ചു.
0 Comments