പാച്ചപൊയ്ക പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനം അവതാളത്തില്‍



പാച്ചപൊയ്ക പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനം അവതാളത്തില്‍

കൂത്തുപറമ്പ്: പോസ്റ്റ്മാന്റെ സ്ഥിരനിയമനം നടക്കാത്തത് പാച്ചപൊയ്ക പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്നു. പോസ്റ്റ്മാനില്ലാത്തതിനാല്‍ മൂന്ന് ആഴ്ചയിലേറെയായി ഓഫീസില്‍ കത്തുകളും പ്രസിദ്ധീകരണങ്ങളുമുള്‍പ്പെടെയുള്ളവ കെട്ടികിടക്കുകയാണ്.

കൂത്തുപറമ്ബ്-കണ്ണൂര്‍ റോഡരികിലായാണ് പാച്ചപൊയ്ക പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. നേരത്തെ ജോലിചെയ്തിരുന്ന പോസ്റ്റ്മാന്‍ 2018 നവംബറില്‍ വിരമിച്ചു. തുടര്‍ന്ന് ഒരുവര്‍ഷമായി താത്‌കാലികാടിസ്ഥാനത്തെത്തില്‍ ഒരു പോസ്റ്റ് വുമണ്‍ ജോലിചെയ്തു. എന്നാല്‍ അവര്‍ മറ്റൊരു ജോലി നേടി പോയതിനാല്‍ 2019 നവംബര്‍ മുതല്‍ ഒഫീസില്‍ പോസ്റ്റ്മാന്റെ സേവനം ലഭിക്കാതായി. തുടര്‍ന്ന് പലരേയും ദിവസവേതനാടിസ്ഥാനത്തില്‍ നിയമിച്ചെങ്കിലും ഒന്നോ രണ്ടോ ദിവസം ജോലിചെയ്ത ശേഷം ഒഴിവായി പോകുന്ന സ്ഥിതിയാണ്.

ഡിസംബര്‍ 15 മുതല്‍ ഓഫീസിലെത്തിയ സാധനങ്ങള്‍ വിതരണംനടക്കാത്ത സ്ഥിതിയിലാണ്.ദിവസ വേതനാടിസ്ഥാനത്തില്‍ ജോലിക്കെത്തുന്നവര്‍ ഓഫീസില്‍ കുന്നുകൂടിക്കിടക്കുന്ന സാധനങ്ങള്‍ കണ്ട് ജോലി ഏറ്റെടുക്കാന്‍ തയ്യാറാകുന്നുമില്ല.

ഒപ്പം സാധനങ്ങള്‍ വൈകി എത്തിക്കുമ്ബോള്‍ ഉടമസ്ഥരില്‍നിന്ന് ശകാരവും ഏല്‍ക്കേണ്ടിയും വരുന്നു. പി.എസ്.സി. യുടേത് ഉള്‍പ്പെടെയുള്ള ഫോണ്‍ നമ്ബര്‍ നല്‍കിയ കത്തുകളും മറ്റ് പ്രസിദ്ധീകരണങ്ങളും ആവശ്യക്കാരെ വിളിച്ച്‌ പോസ്റ്റ് മാസ്റ്റര്‍ കൈമാറുകയാണ് ചെയ്യുന്നത്. പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനം ശരിയാം വിധം നടക്കാത്തതില്‍ നാട്ടുകാരില്‍ പ്രതിഷേധം ശക്തമാണ്.

Post a Comment

0 Comments