എസ്ഐയെ വെടിവച്ച് കൊന്നവ‍ർക്ക് തീവ്രവാദബന്ധം, തമിഴ്നാട് ഡിജിപി കേരളത്തിൽ.



എസ്ഐയെ വെടിവച്ച് കൊന്നവ‍ർക്ക് തീവ്രവാദബന്ധം, തമിഴ്നാട് ഡിജിപി കേരളത്തിൽ.

പാറശ്ശാല: കളിയിക്കാവിളയിൽ കേരള - തമിഴ്‍നാട് അതിർത്തിയിലെ ചെക്ക് പോസ്റ്റിൽ എസ്ഐയെ വെടിവച്ച് കൊന്ന കേസിലെ പ്രതികൾ തീവ്രവാദബന്ധമുള്ളവരെന്ന് പൊലീസ്. കേരളത്തിലോ തമിഴ്‍നാട്ടിലോ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നുവെന്ന് നേരത്തേ തന്നെ ഇന്‍റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. അന്ന് ജാഗ്രതാ നിർദേശത്തിൽ എടുത്തുപറഞ്ഞ പേരുകളിലെ രണ്ട് പേരാണ് കളിയിക്കാവിളയിൽ പൊലീസുദ്യോഗസ്ഥനെ ഡ്യൂട്ടിക്കിടെ ചെക്ക്പോസ്റ്റിൽ കയറി വെടിവച്ച് കൊന്നിരിക്കുന്നത്. സ്ഥിതി വിലയിരുത്താൻ തമിഴ്‍നാട് ഡിജിപി കേരളത്തിലെത്തിയിട്ടുണ്ട് എന്നതുതന്നെ വിഷയത്തിന്‍റെ ഗൗരവസ്ഥിതി വ്യക്തമാക്കുന്നതാണ്.

കന്യാകുമാരി സ്വദേശികളായ തൗഫീക്, ഷമീം എന്നിവർക്കായി സംസ്ഥാനമെമ്പാടും ഊർജിത തെരച്ചിൽ നടത്തുകയാണ് കേരളാ പൊലീസ്. എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഈ യുവാക്കളുടെ ചിത്രങ്ങൾ അയച്ചിട്ടുണ്ട്. പരമാവധി പ്രദേശങ്ങളിൽ വാഹനപരിശോധന ഊർജിതമാക്കാൻ നിർദേശം കിട്ടിയിട്ടുണ്ട്. ഇവരുടെ പക്കൽ തോക്കുണ്ടെന്നും, ജാഗ്രത പാലിക്കണമെന്നും നിർദേശവുമുണ്ട്.

വ്യക്തമായ ക്രിമിനൽ റെക്കോഡുകളുള്ള പ്രതികളാണ് ഇരുവരും. കൊലക്കേസ് പ്രതികളാണ്. ഇവ‍ർ ഉപയോഗിച്ചിരുന്ന വാഹനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്.

തമിഴ്‍നാട് ഡിജിപി ജെ കെ ത്രിപാഠിയും കേരള ഡിജിപി ലോക്നാഥ് ബെഹ്റയും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിർത്തി പ്രദേശങ്ങളിലെയും മറ്റ് പ്രധാനമേഖലകളിലെയും സുരക്ഷാ സാഹചര്യങ്ങൾ ഇരുവരും ചേർന്ന് വിലയിരുത്തി. തമിഴ്‍നാട് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി ജയന്ത് മുരളിയും എഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബും യോഗത്തിൽ പങ്കെടുത്തിരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയത്.

''ആശങ്കപ്പെടേണ്ട കാര്യമില്ല. എല്ലാ കാര്യങ്ങളും നിരീക്ഷിച്ച് വരികയാണ്. ഓപ്പറേഷണൽ കാര്യങ്ങളായതിനാൽ കൂടുതൽ കാര്യങ്ങൾ പറയാനാകില്ല. കേരള - തമിഴ്‍നാട് പൊലീസ് സംയുക്തമായി നീങ്ങുകയാണ്'', ബെഹ്‍റ പറഞ്ഞു.

Post a Comment

0 Comments