ബസ് ഓടിക്കൊണ്ടിരിക്കേ ഡ്രൈവര്‍ കുഴഞ്ഞുവീണു , ബസ് തൂണില്‍ ഇടിച്ചുനിന്നു; അപകടം ഒഴിവായി
സുല്‍ത്താന്‍ബത്തേരി: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന്റെ ഡ്രൈവര്‍ കുഴഞ്ഞുവീണു. നിയന്ത്രണം നഷ്ടമായ ബസ് റോഡരികിലെ കോണ്‍ക്രീറ്റ് കുറ്റിയില്‍ ഇടിച്ചു നിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. വെള്ളിയാഴ്ച രാവിലെ 9.50-ഓടെ നൂല്‍പ്പുഴ പാലത്തിന് സമീപമാണ് അപകടം.
രാവിലെ 9.20 ബത്തേരിയില്‍നിന്ന് പാട്ടവയലിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നൂല്‍പ്പുഴ പാലത്തിന് സമീപത്തെത്തിയപ്പോള്‍ ഡ്രൈവര്‍ കുപ്പാടി മുതലക്കാട്ട് എം.പി. ജയരാജ് (50) രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് സീറ്റില്‍നിന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
ഇതോടെ നിയന്ത്രണം നഷ്ടമായ ബസ് പാലത്തിന് സമീപത്ത് അപകടങ്ങള്‍ തടയുന്നതിനായി സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് കുറ്റിയില്‍ ഇടിച്ചു നിന്നതിനാല്‍ യാത്രക്കാര്‍ രക്ഷപ്പെട്ടു. കുഴഞ്ഞുവീണ ഡ്രൈവറെ ഇതുവഴിയെത്തിയ കാറില്‍, കണ്ടക്ടര്‍ അഭിരാജും നാട്ടുകാരും ചേര്‍ന്ന് ബത്തേരി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കിയശേഷം വിദഗ്ധ പരിശോധനയ്ക്കായി ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




0 Comments