മീനേ... മീനേ... മത്തി കിലോ നൂറേ... ;നഗരസഭാ ഓഫീസിനുമുന്നില്‍ യു.ഡി.എഫിന്റെ മീന്‍കച്ചവടം
മാനന്തവാടി: കൗതുകമുണര്‍ത്തി മാനന്തവാടി നഗരസഭാ ഓഫീസിനുമുന്നില്‍ യു.ഡി.എഫ്. കൗണ്‍സിലര്‍മാരുടെ മീന്‍കച്ചവടം. എരുമത്തെരുവിലെ മത്സ്യമാര്‍ക്കറ്റിനെച്ചൊല്ലി കൗണ്‍സില്‍ യോഗത്തിലുണ്ടായ തര്‍ക്കമാണ് നഗരസഭ ഓഫീസിനുമുന്നിലെ മീന്‍കച്ചവടത്തില്‍ എത്തിയത്. യോഗത്തില്‍ മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യണമെന്ന് യു.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ജേക്കബ് സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. അജന്‍ഡകള്‍ ചര്‍ച്ചചെയ്തശേഷം മാര്‍ക്കറ്റുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യാമെന്ന് നഗരസഭാധ്യക്ഷന്‍ വി.ആര്‍. പ്രവീജ് പറഞ്ഞു. ഇതോടെ യു.ഡി.എഫ്. കൗണ്‍സിലര്‍മാരും എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാരും തമ്മില്‍ വാക്കുതര്‍ക്കമായി. വിഷമയമുള്ള മത്സ്യങ്ങള്‍വരെ വില്‍ക്കുന്നുവെന്ന പരാതി നിലനില്‍ക്കുന്നതിനാല്‍ മാര്‍ക്കറ്റ് ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും അത് ആദ്യം ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ട യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ ആവശ്യം അംഗീകരിക്കാതെവന്നതോടെ മുദ്രാവാക്യം വിളിച്ച് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി.
തുടര്‍ന്നാണ് നഗരസഭാ ഓഫീസിനുമുന്നില്‍ മീന്‍ വിറ്റത്. കിലോയ്ക്ക് 100 രൂപയ്ക്കാണ് മത്തി വിറ്റത്. അതുവഴി പോയവരില്‍ ചിലര്‍ മീന്‍ വാങ്ങുകയും ചെയ്തു. ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ കടവത്ത് മുഹമ്മദ് അധ്യക്ഷതവഹിച്ചു. കൗണ്‍സിലര്‍മാരായ പി.വി. ജോര്‍ജ്, ഷീജ ഫ്രാന്‍സിസ്, വി.യു. ജോയ്, മഞ്ജുള അശോകന്‍, മുജീബ് കോടിയോടന്‍, സ്വപ്ന ബിജു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.ജി. ബിജു തുടങ്ങിയവര്‍ സംസാരിച്ചു. യു.ഡി.എഫ്. കൗണ്‍സില്‍ ബഹിഷ്കരിച്ചെങ്കിലും എല്‍.ഡി.എഫ്. അംഗങ്ങള്‍ അജന്‍ഡകള്‍ വായിച്ച് അംഗീകരിച്ചു.




0 Comments