ലുലു ഗ്രൂപ്പ് കര്‍ണാടകത്തില്‍ 2,100 കോടി രൂപ നിക്ഷേപിക്കും

ലുലു ഗ്രൂപ്പ് കര്‍ണാടകത്തില്‍ 2,100 കോടി രൂപ നിക്ഷേപിക്കും




കൊച്ചി: പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് കര്‍ണാടകത്തില്‍ 30 കോടി ഡോളറിന്റെ (ഏതാണ്ട് 2,100 കോടി രൂപ) നിക്ഷേപം നടത്തും. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്ബത്തിക ഉച്ചകോടിയില്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിക്ഷേപം പ്രഖ്യാപിച്ചത്.

ബെംഗളൂരുവിലും ഉത്തര കര്‍ണാടകത്തിലുമായി രണ്ടു ലോജിസ്റ്റിക് കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി ദാവോസില്‍നിന്ന് ഫോണിലൂടെ 'മാതൃഭൂമി'യോടു പറഞ്ഞു.

ബെംഗളൂരുവിലെ രാജാജി നഗറില്‍ നിര്‍മാണത്തിലിരിക്കുന്ന ലുലു മാള്‍ 2020 ജൂലായോടെ സജ്ജമാകും. ബെംഗളൂരുവിലോ മംഗലാപുരത്തോ മറ്റൊരു ഷോപ്പിങ് മാള്‍ കൂടി തുടങ്ങാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനു പുറമെ, ഗ്രൂപ്പിനു കീഴിലുള്ള 'ട്വന്റി14 ഹോള്‍ഡിങ്‌സ്' ബെംഗളൂരുവില്‍ രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ആരംഭിക്കുന്നുണ്ട്.

2020 നവംബറില്‍ ബെംഗളൂരുവില്‍ നടക്കുന്ന 'ഇന്‍വെസ്റ്റ് കര്‍ണാടക' ആഗോള നിക്ഷേപക സംഗമത്തിലേക്കുള്ള ആദ്യ ക്ഷണക്കത്ത് മുഖ്യമന്ത്രി െയദ്യൂരപ്പ യൂസഫലിക്ക് കൈമാറി.

ആഗോള കമ്ബനികളായ എച്ച്‌.പി., വോള്‍വോ, ജനറല്‍ ഇലക്‌ട്രിക്കല്‍സ്, ഡസൗള്‍ട്ട് ഏവിയേഷന്‍ എന്നിവയുടെ മേധാവികളുമായി യൂസഫലി ദാവോസില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Post a Comment

0 Comments