നഗരമധ്യത്തിലെ ഒന്‍പത് കടകളില്‍ കവര്‍ച്ചയും കവര്‍ച്ചശ്രമവും

നഗരമധ്യത്തിലെ ഒന്‍പത് കടകളില്‍ കവര്‍ച്ചയും കവര്‍ച്ചശ്രമവും




കണ്ണൂര്‍: നഗരമധ്യത്തിലെ ഒന്‍പത് കടകളില്‍ കവര്‍ച്ചയും കവര്‍ച്ചശ്രമവും. കണ്ണൂര്‍ ടി.ടി.ഐ. ഫോര്‍ മെന്‍ പരിസരത്തെ സുപെക്സ് കോംപ്ലക്സിലെ കടകളിലാണ് കവര്‍ച്ച നടന്നത്. ബുധനാഴ്ച പുലര്‍ച്ചെയാണ് കവര്‍ച്ചയെന്ന് കരുതുന്നു. രാവിലെ കടകള്‍ തുറക്കാനെത്തിയവരാണ് മോഷണവിവരം അറിയുന്നത്. ഇവിടെയുള്ള ഫോട്ടോസ്റ്റാറ്റ് കട കുത്തിത്തുറന്ന് 10,000 രൂപയോളം കവര്‍ന്നു.

സെല്ലോ നെക്സ് എന്ന മൊബൈല്‍ ഫോണ്‍ കടയുടെ ഷട്ടര്‍ പൊട്ടിച്ച്‌ അകത്തെ ചില്ല് ചെങ്കല്ലുപയോഗിച്ച്‌ തകര്‍ത്തു. എസ്.ആര്‍. പ്രിന്‍റേഴ്സിന്‍റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന് മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 12,500 രൂപ മോഷ്ടിച്ചു. തൊട്ടടുത്തുള്ള നാഷണല്‍ ഇന്‍ഷുറന്‍സ് കന്പനിയില്‍നിന്ന് 2,500 രൂപയും ഗാര്‍മെന്‍റ്സില്‍നിന്ന് 4,000 രൂപയും കവര്‍ച്ചചെയ്തു. ഷമ്മാസ് ഷോപ്പ്, ക്രയോസ് എന്‍ജിനീയറിങ്ങ്, ഹോട്ടല്‍. മഞ്ജു ഫോട്ടോസ് എന്നീ സ്ഥാപനങ്ങളുടെ പൂട്ട് പൊളിച്ച്‌ അകത്തുകടന്നെങ്കിലും ഒന്നും കൊണ്ടുപോയില്ല. വിവരമറിഞ്ഞ് ടൗണ്‍ പോലീസും ശ്വാനസേനയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. നഗരത്തിലെ കവര്‍ച്ചക്കാരെ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തി.

Post a Comment

0 Comments