ആദ്യം വിഷം ചേർത്ത കാപ്പി; പിന്നെ വെള്ളത്തിൽ സയനൈഡ്; ജോളിയുടെ കൊലവഴി.

ആദ്യം വിഷം ചേർത്ത കാപ്പി; പിന്നെ വെള്ളത്തിൽ സയനൈഡ്; ജോളിയുടെ കൊലവഴി.



ഭര്‍ത്താവ് റോയ് തോമസിന്റെ മരണത്തില്‍ പോസ്റ്റുമോര്‍ട്ടമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നതാണ് മാത്യു മഞ്ചാടിയിലിനെ ജോളി കൊലപ്പെടുത്താന്‍ കാരണമെന്ന് കുറ്റപത്രം. ഒസ്യത്ത് പ്രകാരമുള്ള സ്വത്ത് റോയിയുടെ സഹോദരങ്ങള്‍ക്കും തുല്യമായി വീതിക്കണമെന്ന ആവശ്യവും വിദ്വേഷത്തിന് കാരണമായി. കാപ്പിയില്‍ വിഷം ചേര്‍ത്ത് നല്‍കി തളര്‍ത്തിയതിനൊപ്പം ക്ഷീണിതനായ സമയത്ത് നല്‍കിയ വെള്ളത്തിലും സയനൈഡ് ചേര്‍ത്തിരുന്നു. കൂടത്തായി കൂട്ടക്കൊലയിലെ നാലാം കുറ്റപത്രം ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കും.

റോയ് തോമസിന്റേത് ദുരൂഹമരണമെന്ന് ആദ്യം പറഞ്ഞത് മാത്യു മഞ്ചാടിയിലായിരുന്നു. പോസ്റ്റുമോര്‍ട്ടമെന്ന നിലപാടിലും ഉറച്ചുനിന്നു. കുടുംബത്തിന് ചീത്തപ്പേരുണ്ടാകുമെന്ന് ജോളി ആവര്‍ത്തിച്ചിട്ടും മാത്യു മഞ്ചാടിയില്‍ പിന്‍മാറിയില്ല. ഒസ്യത്തിലുള്ള ഭൂമിയില്‍ റോയിയുടെ സഹോദരങ്ങള്‍ക്കും തുല്യ അവകാശമുണ്ടെന്നും വാദിച്ചു. പൊന്നാമറ്റം വീട്ടില്‍ റോയിയുടെ മക്കളെ കാണാന്‍ മാത്യു മഞ്ചാടിയില്‍ പതിവായെത്തിയിരുന്നതും ജോളിയുടെ സ്വതന്ത്ര ഇടപെടലുകള്‍ക്ക് തടസമായി. ജോളിയുടെ അവിഹിതം ചോദ്യം ചെയ്തതും കൊലയ്ക്ക് കാരണമായി.

മാത്യു മഞ്ചാടിയില്‍ കൊല്ലപ്പെട്ട 2014 ഏപ്രില്‍ ഇരുപത്തി നാലിന് കുടുംബാംഗങ്ങള്‍ കട്ടപ്പനയിലെ വിവാഹച്ചടങ്ങിലായിരുന്നു. പ്രഭാതഭക്ഷണവുമായെത്തിയ ജോളി കാപ്പിയില്‍ സയനൈഡ് കലര്‍ത്തി നല്‍കി. കുഴഞ്ഞുവീണ മാത്യു മ‍ഞ്ചാടിയില്‍ തനിക്ക് അസ്വസ്ഥതയുണ്ടെന്ന് ആദ്യം വിളിച്ചറിയിച്ചതും ജോളിയെയായിരുന്നു. മകനൊപ്പം ഇരുചക്രവാഹനത്തിലെത്തിയ ജോളി വീണ്ടും വെള്ളത്തില്‍ കലര്‍ത്തി സയനൈഡ് നല്‍കി മാത്യു മഞ്ചാടിയിലിന്റെ മരണം ഉറപ്പാക്കി. തെളിവുകളുള്‍പ്പെടെ നശിപ്പിച്ച ശേഷമാണ് അടുത്തള്ളവരെയും ബന്ധുക്കളെയും വിളിച്ചുവരുത്തി മാത്യു മഞ്ചാടിയിലിനെ ആശുപത്രിയിലെത്തിച്ചത്.

കേസില്‍ നൂറ്റി അന്‍പതിലധികം സാക്ഷികളുണ്ട്. നൂറിനോടടുത്ത് തെളിവുകളും ശേഖരിക്കാന്‍ അന്വേഷണസംഘത്തിനായി. ആയിരത്തില്‍ താഴെ പേജുള്ള കുറ്റപത്രം കൊയിലാണ്ടി സി.ഐ കെ.ഉണ്ണിക്കൃഷ്ണന്‍ നേതൃത്വത്തില്‍ അടുത്തയാഴ്ച താമരശ്ശേരി കോടതിയില്‍ സമര്‍പ്പിക്കും.

Post a Comment

0 Comments