വീടിന് അനുമതി വേണം, അലഞ്ഞ് മടുത്ത് ദമ്പതികൾ; നിഷേധിച്ച് പഞ്ചായത്ത്.

വീടിന് അനുമതി വേണം, അലഞ്ഞ് മടുത്ത് ദമ്പതികൾ; നിഷേധിച്ച് പഞ്ചായത്ത്.





വീടിന് അനുമതിക്കായി ഓഫിസുകള്‍ കയറിയിറങ്ങി മടുത്ത് ദമ്പതികള്‍. കോഴിക്കോട് കോട്ടൂര്‍ പഞ്ചായത്തിലെ ബിജു, സലീന ദമ്പതികള്‍ക്കാണ് നിസാര കാരണങ്ങള്‍ പറഞ്ഞ് അനുമതി നിഷേധിക്കുന്നത്. മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടെങ്കിലും കമ്മിഷന് നല്‍കിയ രേഖകളില്‍ പഞ്ചായത്ത് അധികൃതര്‍ ഫയല്‍ നമ്പര്‍ തെറ്റിച്ച് നല്‍കുകയും ചെയ്തു.

പതിനാറ് വര്‍ഷം മുന്‍പ് നിര്‍മിച്ച വീടിന്റെ മുകളില്‍ എട്ട് മാസം മുന്‍പാണ് ഒന്നാംനില പണിതത്. സമര്‍പ്പിച്ച പ്ലാനും സ്ഥലവും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് പറഞ്ഞ് കോട്ടൂര്‍ പഞ്ചായത്ത് അപേക്ഷ നിരസിച്ചു. ഇതോടെ ‍ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കി. പ്രശ്നം പരിഹരിക്കാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശം നല്‍കി മൂന്ന് മാസം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. ഇതിനിടയില്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. എന്നാല്‍ കമ്മിഷന് നല്‍കിയ വിശദീകരണത്തിലും പരാതിക്കാരന് നല്‍കിയ റിപ്പോര്‍ട്ടിലും വ്യത്യസ്തമായ ഫയല്‍ നമ്പരുകളാണ് ഉദ്യോഗസ്ഥര്‍ ചേര്‍ത്തത്.

കംപ്യൂട്ടറില്‍ വന്ന തെറ്റാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാല്‍ കമ്മിഷനെ തെറ്റി ധരിപ്പിച്ചെന്ന് കാണിച്ച് അടുത്ത സിറ്റിങില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.

Post a Comment

0 Comments