കത്തി രാകി മൂർച്ച കൂട്ടി, ക്രൂരമായി കൊന്നു; പരാതിപ്പെട്ടു, കാവൽ നിൽക്കാമോ എന്നു പൊലീസ്.
കൊട്ടിയം: സഹോദരീഭർത്താവിന്റെ നേതൃത്വത്തിൽ ലഹരിമരുന്നു സംഘം പട്ടികജാതി യുവാവിനെ അർധരാത്രി വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടുപോയി ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. ഒരാഴ്ചയ്ക്കകം യുവാവിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചതിനു പിന്നാലെയാണു കൊലപാതകം. മയ്യനാട് ആലുംകര തെക്കുംകര ആതിര ഭവനിൽ തുളസിയുടെയും ബേബിയുടെയും മകൻ അനിൽകുമാർ (മണിക്കുട്ടൻ-23) ആണു കൊല്ലപ്പെട്ടത്. അനിൽകുമാറിന്റെ സഹോദരി ആതിരയുടെ ഭർത്താവ് അനീഷ്, സുഹൃത്ത് സന്തോഷ്, സന്തോഷിനൊപ്പം താമസിക്കുന്ന സ്ത്രീ എന്നിവരെ കൊട്ടിയം പൊലീസ് കസ്റ്റഡിയിലെടുത്തു. അനീഷും സന്തോഷും ലഹരിമരുന്നു സംഘത്തിലെ കണ്ണികളാണ്.
ആതിരയെ അനീഷ് നിരന്തരം ഉപദ്രവിക്കുന്നതു ചോദ്യം ചെയ്തതിന്റെ പകയാണു കൊലപാതകത്തിനു കാരണമെന്നാണു പൊലീസ് പറയുന്നത്. കഴിഞ്ഞ പണിമുടക്ക് ദിവസം അനിൽകുമാറും അനീഷും തമ്മിൽ വഴക്കുണ്ടായി. അനിൽകുമാറിനെ കൊല്ലുമെന്ന് അനീഷും സന്തോഷും ഭീഷണിപ്പെടുത്തിയെന്നു കാണിച്ച് അമ്മ തുളസിയും ആതിരയും പൊലീസിൽ പരാതിപ്പെട്ടിരുന്നു. അനീഷിനെയും സന്തോഷിനെയും പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചെങ്കിലും വൈകാതെ വിട്ടയച്ചു. വെള്ളിയാഴ്ച വൈകിട്ടു വീട്ടിലെത്തിയ അനീഷ്, അനിൽകുമാറിനെ കൊല്ലാനാണെന്നു പറഞ്ഞു കത്തി രാകി മൂർച്ച കൂട്ടിയെന്ന് ആതിര മൊഴി നൽകിയിട്ടുണ്ട്.
വെള്ളിയാഴ്ച അർധരാത്രി അയൽവാസിയായ യുവാവാണ് അനിൽകുമാറിനെ വീട്ടിൽ നിന്നു കൂട്ടിക്കൊണ്ടുപോയത്. ഒരു കിലോമീറ്റർ അകലെയുള്ള സന്തോഷിന്റെ വീട്ടിലെത്തിച്ചശേഷം അനീഷും സന്തോഷും ഉൾപ്പെടെ അഞ്ചോളം പേർ ക്രൂരമായി മർദിച്ചെന്നു പൊലീസ് പറഞ്ഞു. പൊലീസ് എത്തിയപ്പോഴേക്കും സംഘം മുങ്ങി. അനിൽകുമാറിനെ കൊല്ലത്തെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അനിൽകുമാർ മരപ്പണിക്കു പോയാണു കുടുംബം പോറ്റിയിരുന്നത്.
ഭീഷണിയുണ്ടെന്ന് പരാതിപ്പെട്ടു ; നിങ്ങൾക്കു കാവൽ നിൽക്കാൻ പറ്റുമോ എന്നു പൊലീസ്.
പൊലീസ് ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ അനിൽകുമാർ കൊല്ലപ്പെടില്ലായിരുന്നെന്നു മാതാവും സഹോദരിയും. മയ്യനാട് ആലുംമൂട്ടിൽ കൊല ചെയ്യപ്പെട്ട അനിൽകുമാറിന്റെ മാതാവ് ബേബിക്കും സഹോദരി ആതിരയ്ക്കും കണ്ണീരടക്കാനാവുന്നില്ല. മകന്റെ ജീവനു ഭീഷണിയുണ്ടെന്നു കാട്ടി നാലു തവണ കൊട്ടിയം പൊലീസിൽ പരാതി നൽകിയിരുന്നു. ഒന്നിലും നടപടി ഉണ്ടായില്ല. നിങ്ങൾക്കു കാവൽ നിൽക്കാൻ പറ്റുമോ എന്ന മറു ചോദ്യമുയർത്തി പൊലീസ് നിർദാക്ഷിണ്യം പറഞ്ഞുവിട്ടു.
പൊതുപണിമുടക്ക് ദിനത്തിലും പ്രതികൾ വീട്ടിലെത്തി വാൾ വീശി ഭീഷണി മുഴക്കി. ‘ഒരാഴ്ചയ്ക്കുള്ളിൽ ശരിയാക്കു’മെന്നു വിളിച്ചു പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവർ അനിൽകുമാറിന്റെ ജീവനെടുത്തു.അന്നു പരാതി നൽകിയപ്പോൾ ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം വിട്ടയച്ചു. അനീഷ് പലതവണ അനിൽകുമാറിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായി അമ്മയും.
0 Comments