കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ അനിശ്ചിതകാല വിദ്യാര്‍ഥിസമരം.
പരിയാരം: ഫീസടക്കാത്ത വിദ്യാര്‍ഥികളെ ക്ലാസില്‍നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഒരുവിഭാഗം വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരത്തില്‍. മെഡിക്കല്‍ കോളേജ് പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും അതിനനുസൃതമായ ആനുകൂല്യങ്ങളൊന്നും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുമുമ്ബ് ചേര്‍ന്നവര്‍ക്ക് ലഭിക്കുന്നില്ലെന്നും സ്വാശ്രയ കോളേജുകള്‍ക്ക് സമാനമായ ഫീസ് അടക്കാത്തതിനാണ് ക്ലാസില്‍നിന്ന് പുറത്താക്കിയതെന്നും ആരോപിച്ചാണ് വിദ്യാര്‍ഥികളുടെ സമരം.
എം.ബി.ബി.എസ്., ബി.ഡി.എസ്., മെഡിക്കല്‍-പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് കോളേജിനുമുന്നില്‍ പ്രകടനവും കുത്തിയിരിപ്പ് സമരവും നടത്തിയത്. തുടര്‍ന്നുനടന്ന യോഗത്തില്‍ വിദ്യാര്‍ഥികളായ വി.മുഹമ്മദ് ഫാസില്‍, കെ.എം.മുഹമ്മദ്ഷമില്‍, നീരജ കൃഷ്ണന്‍, മുഹമ്മദ് അജാസ് തുടങ്ങിയവര്‍ സംസാരിച്ചു. ക്ലാസില്‍ കയറ്റാത്തപക്ഷം അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു.
ഫീസടക്കാത്തവര്‍ ഡിസംബര്‍ 31-നുശേഷം ക്ലാസില്‍ കയറുന്നത് വിലക്കി സര്‍ക്കുലര്‍ ഉണ്ടായിരുന്നു. ഇതുപ്രകാരം 69 വിദ്യാര്‍ഥികള്‍ക്ക് വെള്ളിയാഴ്ച ക്ലാസില്‍ കയറാനായില്ല. ഇതേത്തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ അനിശ്ചിതകാലസമരം തുടങ്ങിയത്.
0 Comments