മണ്ണില്‍ പൊന്ന് വിളയിച്ച് 'ജീവനി'; സബ് ജയിലിലെ പച്ചക്കറി വിളവെടുത്തു.



മണ്ണില്‍ പൊന്ന്  വിളയിച്ച് 'ജീവനി';
 സബ് ജയിലിലെ പച്ചക്കറി വിളവെടുത്തു.

നൂറുമേനി വിളവുമായി കണ്ണൂര്‍ സബ് ജയിലിലെ പച്ചക്കറി കൃഷി. കൃഷി വകുപ്പ്  നടപ്പിലാക്കുന്ന 'ജീവനി - നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം'  പദ്ധതിയുടെ ഭാഗമായാണ് കണ്ണൂര്‍ സബ് ജയിലില്‍ കൃഷി നടത്തിയത്.  പച്ചക്കറി കൃഷിയുടെ  വിളവെടുപ്പ് ഉദ്ഘാടനം  കണ്ണൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലാല്‍ ടി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു.  സ്ഥാപനങ്ങളിലെ പ്രൊജക്ട് അധിഷ്ഠിത പച്ചക്കറി കൃഷിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്.   200 ഗ്രോബാഗുകളില്‍ വഴുതിന, തക്കാളി, പച്ചമുളക്, കാബേജ്, പീച്ചിങ്ങ എന്നിവയും മണ്ണ് ലഭ്യമായ സ്ഥലത്ത് ചീരയുമാണ്   കൃഷി ചെയ്തത്.  500 ഗ്രോബാഗുകളില്‍ കൂടി  പച്ചക്കറി കൃഷി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ജയില്‍ അധികൃതര്‍. വിളവെടുത്ത പച്ചക്കറികള്‍ അന്തേവാസികളുടെ ഭക്ഷണത്തിനായി ഉപയോഗിക്കുമെന്ന് ജയില്‍ സൂപ്രണ്ട് അറിയിച്ചു. സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിന്റെ ശുപാര്‍ശ പ്രകാരം തികച്ചും ജൈവരീതിയിലാണ് ഇവിടെ കൃഷി ചെയ്യുന്നത്.  രോഗ-കീട ബാധയ്ക്ക് 'വൃക്ഷായുര്‍വ്വേദം' പ്രകാരമുള്ള കൃഷിമുറകളും പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. 
  ചടങ്ങില്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ വി കെ രാംദാസ്, സബ് ജയില്‍ സൂപ്രണ്ട് ടി കെ ജനാര്‍ദ്ദനന്‍, മൊബൈല്‍ മണ്ണ് പരിശോധന ലാബിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എം എന്‍ പ്രദീപന്‍, കൃഷി ഓഫീസര്‍  സി വി ജിദേഷ്, കൃഷി ഫീല്‍ഡ് ഓഫീസര്‍ ഇ വത്സല, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ അശോക് കുമാര്‍ എന്നിവര്‍ പങ്കെടുത്തു

Post a Comment

0 Comments