പൊളിക്കൽ എൻജിനീയറിങ്ങിന് ഫുൾ മാർക്ക്; ഓരോ കെട്ടിടത്തിന്റെയും വീഴ്ച വ്യത്യസ്ത രീതിയിൽ.
സാധാരണ പ്ലാൻ വരയ്ക്കുന്നതു കെട്ടിടം നിർമിക്കാനാണ്; മരടിലെ ഫ്ലാറ്റുകൾ വീഴ്ത്തിയതും കൃത്യമായി വരച്ച പ്ലാനിലൂടെത്തന്നെ. ‘ബിൽഡിങ് ഇംപ്ലോഷൻ’ എന്ന സാങ്കേതിക വിദ്യയിലൂടെ വരച്ച പ്ലാൻ. ഒരു വലിയ കെട്ടിടത്തെ താങ്ങിനിർത്തുന്ന പ്രധാന തൂണുകൾ നീക്കം ചെയ്താൽ ഗുരുത്വാകർഷണ ബലത്തിൽ കെട്ടിടം താനേ നിലംപതിക്കുമെന്ന തത്വത്തെ ആസ്പദമാക്കിയാണു പ്രവർത്തനം. ഏതൊക്കെ തൂണുകൾ ആദ്യം നീക്കണമെന്നതാണു പ്രധാനം.
കെട്ടിട അവശിഷ്ടങ്ങളുടെ വീഴ്ച എങ്ങോട്ടാണെന്നു തീരുമാനിക്കുന്നത് ആ തൂണുകളാണ്. മരടിൽ പൊളിച്ചു മാറ്റിയ ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങളെല്ലാം വീഴ്ത്തുന്നതിനു കൃത്യമായ കോണളവുകൾ മുൻകൂട്ടി നിശ്ചയിച്ചിരുന്നു. അതേ അളവുകളിൽ അണുവിട തെറ്റാതെ അവശിഷ്ടങ്ങൾ വീണുവെന്നതു ‘പൊളിക്കൽ എൻജിനീയറിങ്ങിന്റെ’ വിജയം.
ഡിമോളിഷൻ കമ്പനിയുടെ സാങ്കേതികവിദ്യയും അവരുടെ എൻജിനീയറിങ്ങും എത്രത്തോളം മികച്ചതാണെന്ന് വ്യക്തമാക്കുന്നതാണിതെന്ന് സാങ്കേതിക വിദഗ്ധ സമിതി അംഗവും സ്ട്രക്ചറൽ എൻജിനീയറുമായ ഡോ. അനിൽ ജോസഫ് പറഞ്ഞു. കെട്ടിടത്തിന്റെ പ്ലാൻ ഉപയോഗിച്ച് ‘പൊളിക്കലിന്റെ രൂപരേഖ’യാണ് ആദ്യം തയാറാക്കുക. എവിടെയാണു കെട്ടിട അവശിഷ്ടങ്ങൾ വീഴേണ്ടത് എന്നതിനെ അടിസ്ഥാനമാക്കി ഏതെല്ലാം തൂണുകളാണു നീക്കം ചെയ്യേണ്ടതെന്ന് കണ്ടെത്തും.
കെട്ടിടത്തിന്റെ ഭാരം, ഉയരം, പ്രദേശത്തെ മണ്ണിന്റെ ഘടന എന്നിവയെ അടിസ്ഥാനമാക്കി വീഴ്ചയുടെ ആഘാതം വിലയിരുത്തും. ഓരോ തൂണിന്റെയും ഉറപ്പു പരിശോധിച്ച് അതു തകർക്കാൻ ഉപയോഗിക്കേണ്ട സ്ഫോടക വസ്തുക്കൾ എത്ര വേണമെന്ന് തീരുമാനിക്കും. ഏതെല്ലാം നിലകളിൽ സ്ഫോടനം നടത്തണമെന്നും അതിന്റെ സമയക്രമവും കണ്ടെത്തും. എവിടേക്കാണോ കെട്ടിടം ചെരിയേണ്ടത് ആ മൂലയിലെ തൂണിൽ ആദ്യത്തെ സ്ഫോടനം.
പിന്നീട് താഴത്തെ നിലയിലെ മറ്റു തൂണുകളിലേക്ക്; തുടർന്ന് മുകൾ നിലകളിൽ. ചെരിയുന്ന ഭാഗത്തിനു മുകളിലേക്ക് അട്ടിയട്ടിയായി മുകൾ നിലകൾ വന്ന് അമരും. ആൽഫ സെറീന്റെ ഒരു ടവറിന്റെ അവശിഷ്ടങ്ങൾ മാത്രമാണു കായലിലേക്ക് വീണത്. സമീപമുള്ള വീടുകളെ സംരക്ഷിക്കാനായി ആസൂത്രണം ചെയ്തതാണ് ആ വീഴ്ച. ഇതു കൃത്യമാക്കാനായി താഴത്തെ നിലകളിലെ അവസാന നിരകളിലെ തൂണുകളിൽ സ്ഫോടനം നടത്തിയതുമില്ല. ഇതു മൂലം കെട്ടിടത്തിനു തൊട്ടു പിൻവശത്തുള്ള വീടുകൾക്ക് ഒരു പോറൽ പോലുമേറ്റില്ല.
ഏറ്റവും വലിയ ഫ്ലാറ്റായ ജെയിൻ കോറൽകോവിന്റേതായിരുന്നു മികച്ച വീഴ്ച. ഒരറ്റത്തു നിന്ന് തുടങ്ങി മറ്റേയറ്റത്ത് എത്തുന്ന ‘വെള്ളച്ചാട്ടം’ മാതൃകയിലുള്ള വീഴ്ച. എച്ച്2ഒ ഹോളിഫെയ്ത്തും വീഴ്ത്തിയത് ഇതേ രീതിയിൽ. അതേ സമയം, ഏറ്റവും ചെറിയ ഫ്ലാറ്റായ ഗോൾഡൻ കായലോരം വീഴ്ത്തിയത് ‘സ്പ്ലിറ്റ്’ രീതിയിൽ. സ്ഫോടനം നടക്കുമ്പോൾ കെട്ടിടം രണ്ടായി പിളർന്നു മാറാനായി നേരത്തേ തന്നെ മധ്യത്തിൽ ഭാഗികമായി മുറിച്ചു വച്ചിരുന്നു.
0 Comments