കെ.പി.സി.സി.ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയില്‍ വീണ്ടും മലയോരത്തു നിന്നും അഡ്വ:സജീവ് ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു

കെ.പി.സി.സി.ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയില്‍ വീണ്ടും മലയോരത്തു നിന്നും അഡ്വ:സജീവ് ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു.




ഇതിനൊപ്പം എ.ഐ.സി.സി.യുടെ വിദേശകാര്യ വിഭാഗം സെക്രട്ടറി സ്ഥാനവും ഇദ്ദേഹം വഹിക്കുന്നുണ്ട്. അഡ്വ: സജീവ് ജോസഫിനെ വീണ്ടും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയായി തെരഞ്ഞടുത്തതില്‍ ആഹ്ലാദിക്കുകയാണ് മലയോരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജന്മനാടും.


ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ ഉളിക്കല്‍ പഞ്ചായത്തിലെ മുണ്ടാനൂര്‍ സ്വദേശിയാണ് അഡ്വ:സജീവ് ജോസഫ്. ചെറുപ്പം മുതലേ കോണ്‍ഗ്രസ് കുടുംബത്തിലൂടെ വളര്‍ന്നു വന്ന സജീവ് ജോസഫ് സ്‌കൂള്‍ -കോളേജ് കാലയളവില്‍ കെ.എസ്.യുവില്‍ ഉന്നത പദവി വഹിച്ചിരുന്നു. തുടര്‍ന്ന് കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജില്‍ പഠിക്കുന്ന കാലയളവില്‍ കാലിക്കട്ട് യൂണിവേഴ്‌സിറ്റി ചെയര്‍മാനായും  തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിയമബിരുദ്ധം ലഭിച്ച ശേഷവും കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കാന്‍ ജീവിതം മാറ്റിവെയ്ക്കാന്‍ മുന്നോട്ട് വരികയായിരുന്നു. തുടര്‍ന്ന് 2002-2007 കാലയളവില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റായും, ദേശീയതലത്തില്‍ ഭാരവാഹിയായും പ്രവര്‍ത്തിച്ചു. ഇതിനിടെ നെഹ്‌റു യുവ കേന്ദ്രയുടെ ഡയറക്ടറായും 2012 ല്‍ ജപ്പാനില്‍ നടന്ന ലോക യുവജന സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ തലവനായും പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് 2013 ല്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീടുള്ള 7 വര്‍ഷത്തെ സംഘടനാ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരം എന്ന നിലയിലാണ് അഡ്വ:സജീവ് ജോസഫിനെ വീണ്ടും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തിരിക്കുന്നത്. ഉളിക്കല്‍ പഞ്ചായത്തിലെ മുണ്ടാനൂര്‍ ആനന്ദഭവനിലെ ജോസഫ്-ചിന്നമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് സജീവ് ജോസഫ്. ഭാര്യ ബ്യൂട്ടി കുന്നോത്ത് യു.പി.സ്‌കൂള്‍ അധ്യാപികയാണ്. ഏകമകള്‍ സോന ബ്ലാംഗ്ലൂര്‍ നിംഹാന്‍സില്‍ ബി.എസ്.സി. നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ്. ഉളിക്കല്‍ ടൗണിനു സമീപമാണ് ഇപ്പോള്‍ ഇദ്ദേഹവും കുടുംബവും താമസിക്കുന്നത്.

Post a Comment

0 Comments