കാസര്‍ഗോഡ് മുതല്‍ കളിയിക്കാവിള വരെ; ചങ്ങലയില്‍ കണ്ണികളായി ലക്ഷങ്ങള്‍

കാസര്‍ഗോഡ് മുതല്‍ കളിയിക്കാവിള വരെ; ചങ്ങലയില്‍ കണ്ണികളായി ലക്ഷങ്ങള്‍


പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ ഇടതു മുന്നണി നേതൃത്വം കൊടുക്കുന്ന മനുഷ്യ മഹാശൃംഖലയ്ക്ക് തുടക്കമായി. ഭരണഘടനയുടെ ആമുഖം വായിച്ചാണ് മനുഷ്യ മഹാശൃംഖല ആരംഭിച്ചത്. കാസര്‍കോഡ് മുതല്‍ കളിയിക്കാവിള വരെയാണ് മനുഷ്യ മഹാ ശൃഖല സംഘടിപ്പിക്കുന്നത്.

കാസര്‍ഗോഡ് എസ് രാമചന്ദ്രന്‍ പിള്ള ആദ്യ കണ്ണിയായി. തെക്കേയറ്റത്ത് എം.എ ബേബി അവസാന കണ്ണിയുമായി. തിരുവനന്തപുരം പാളയത്തെ രക്തസാക്ഷി മണ്ഡപത്തിന് സമീപം പിണറായി വിജയനും കാനം രാജേന്ദ്രനും അണിചേര്‍ന്നു. ഭാര്യ കമലയ്ക്കും മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം കുടുംബ സമേതമാണ് പിണറായി വിജയന്‍ പ്രതിഷേധത്തിനെത്തിയത്.

എംവി ഗോവിന്ദന്‍, സികെ നാണു തുടങ്ങിയ രാഷ്ട്രീയ നേതാക്കളും പാളയം ഇമാം അടക്കം മതസാമുദായിക പ്രതിനിധികളും പാളയത്താണ് അണിനിരന്നത്. സംവിധായകന്‍ കമല്‍ , ഭാഗ്യലക്ഷ്മി ,സിഎസ് ചന്ദ്രിക തുടങ്ങി ഒട്ടേറെ പേര്‍ പാളയത്ത് മനുഷ്യമഹാശൃംഖലക്കെത്തി.

പത്തനംതിട്ട, കോട്ടയം ജില്ലകളിലുള്ളവര്‍ ആലപ്പുഴയിലും ഇടുക്കി, വയനാട് ജില്ലകളില്‍ പ്രാദേശികമായും ചങ്ങല തീർത്തു.

മനുഷ്യശ്യംഖലയില്‍ മുസ്ലീം സമുദായത്തിലെ വിവിധ വിഭാഗങ്ങള്‍ പങ്കു ചേര്‍ന്നു. ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന കാന്തപുരം എപി വിഭാഗം സുന്നികള്‍ സംസ്ഥാനത്തുടനീളം ശൃംഖലയുടെ ഭാഗമായി. അതേസമയം മുസ‍്ലീം ലീഗിനൊപ്പം നില്‍ക്കുന്ന ഇകെ വിഭാഗം സുന്നികളുടെ നേതാക്കളും മനുഷ്യശ്യംഖലയുടെ ഭാഗമായത് ശ്രദ്ധേയമായി. മുജാഹിദ് വിഭാഗം മനുഷ്യശ്യംഖലയോട് സഹകരിച്ചു.

ഇകെ സുന്നി വിഭാഗം നേതാക്കളായ ഉമര്‍ ഫൈസി മുക്കം, മുസ്തഫ മുണ്ടുപാറ എന്നിവര്‍ കോഴിക്കോട് കോഴിക്കോട് നഗരത്തില്‍ മനുഷ്യശൃംഖലയുടെ ഭാഗമായി. കോഴിക്കോട് മുതലക്കുളത്ത്‌ കെഎൻഎം പ്രസിഡന്റ് ടി.പി. അബ്ദുല്ലകോയ മദനിയും വൈസ് പ്രസിഡന്റ് നിസാർ ഒളവണ്ണയും ശൃംഖലയുടെ ഭാഗമായി.

Post a Comment

0 Comments