ഖജനാവ് നിറഞ്ഞ് ബിജെപി, വരുമാനം 2,410 കോടി, കോണ്‍ഗ്രസിനും കൂടി; കണക്കുകള്‍ പുറത്ത്.



ഖജനാവ് നിറഞ്ഞ് ബിജെപി, വരുമാനം 2,410 കോടി, കോണ്‍ഗ്രസിനും കൂടി; കണക്കുകള്‍ പുറത്ത്.

ന്യൂഡല്‍ഹി: രാജ്യം ഭരിക്കുന്ന ബിജെപിക്ക് 2018-19 സാമ്ബത്തിക വര്‍ഷത്തില്‍ വരുമാനമായി ലഭിച്ചത് 2,410.08 കോടി രൂപ. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് വിവരങ്ങള്‍ പുറത്തുവിട്ടത്. 2018-19 സാമ്ബത്തിക വര്‍ഷത്തില്‍ ഇത്രയും തുക വരുമാനമായി ലഭിച്ചെങ്കില്‍ അതിന്റെ 41.71 ശതമാനം തുക (ഏകദേശം 1,005.33 കോടി) ബിജെപി ഇക്കാലയളവില്‍ ചിലവഴിച്ചിട്ടുണ്ട്. അതേസമയം രാജ്യത്തെ ആറ് ദേശീയപാര്‍ട്ടികള്‍ക്ക് ഈ കാലയളവില്‍ ആകെ ലഭിച്ച വരുമാനത്തിന്റെ 65.16 ശതമാനം വരും ബിജെപിക്ക് മാത്രം ലഭിച്ച വരുമാനമെന്നും കണക്കുകള്‍ പറയുന്നു.

ബിജെപി, കോണ്‍ഗ്രസ്, സിപിഎം, ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐ തുടങ്ങിയവയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ പാര്‍ട്ടി പദവിയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍. ഈ ആറ് പാര്‍ട്ടികള്‍ക്കുമായി ഈ സാമ്ബത്തിക വര്‍ഷത്തില്‍ ആകെ ലഭിച്ചത് 3,698.66 കോടി രൂപയാണ്. വരുമാനത്തില്‍ രണ്ടാം സ്ഥാനം കോണ്‍ഗ്രസിനാണ്.

2018-19 സാമ്ബത്തിക വര്‍ഷത്തില്‍ 918.03 കോടി രൂപയാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഇതിന്റെ പകുതിയോളം (51.19 ശതമാനം)കോണ്‍ഗ്രസ് ചിലവഴിച്ചു. 469.92 കോടി രൂപയാണ് കോണ്‍ഗ്രസ് ഇക്കാലയളവില്‍ ചിലവഴിച്ചത്.

അസോസിയേന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസിന്റെ കണക്കുകള്‍ പ്രകാരം ബിജെപിയുടെ വരുമാനത്തില്‍ 134.59 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2017-18 സാമ്ബത്തിക വര്‍ഷത്തില്‍ ബിജെപിക്ക് 1,027.34 കോടിരൂപയായിരുന്നു വരുമാനമായി ലഭിച്ചത്. ബിജപിയുടെ വരുമാനത്തില്‍ സിംഹഭാഗവും സന്നദ്ധ സംഭാവനയായി ലഭിച്ചതാണ്. 2,354.02 കോടിരൂപയാണ് ബിജെപിക്ക് സംഭാവനായി ലഭിച്ചത്. ഇത് പാര്‍ട്ടിയുടെ ആകെ വരുമാനത്തിന്റെ 97.67ശതമാനം വരും. ബിജെപിയുടെ ചിലവില്‍ കൂടുതലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടിയുള്ളതാണ്. 792.39 കോടി രൂപയാണ് ഇത്തരത്തില്‍ ബിജെപി ചിലവഴിച്ചത്. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കായി 178.35 കോടിരൂപയും ചിലവായി.

അതേസമയം കോണ്‍ഗ്രസിന്റെ വരുമാനം കൂടുതലും ഗ്രാന്റ്, സംഭാവന തുടങ്ങിയവയില്‍ നിന്നാണ്. 551.55 കോടിരൂപയാണ് ഇത്തരത്തില്‍ കോണ്‍ഗ്രസിന് ലഭിച്ചിട്ടുള്ളത്. ആകെ വരുമാനത്തിന്റെ 60.08 ശതമാനം വരും ഇത്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ വരുമാനത്തില്‍ 360.97ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. 2017-18 സാമ്ബത്തിക വര്‍ഷത്തില്‍ കോണ്‍ഗ്രസിന് 199.15 കോടിയായിരുന്നു വരുമാനമായി ലഭിച്ചത്.

തൃണമൂല്‍ കോണ്‍ഗ്രസിന് ഇക്കാലയളവില്‍ 192.65 കോടിരൂപ വരുമാനമായി ലഭിച്ചു. അതില്‍ 11.50 കോടിരൂപ അവര്‍ ചിലവഴിച്ചു. സിപിഎമ്മിന് ഇക്കാലയളവില്‍ 110.96 കോടിയാണ് വരുമാനമായി ലഭിച്ചത്. അതില്‍ 76.15 കോടി ചിലവായി. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തേക്കാള്‍ വരുമാനത്തില്‍ വന്‍ വളര്‍ച്ചയുണ്ടായ പാര്‍ട്ടിയാണ് തൃണമൂല്‍. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 5.16 കോടിയായിരുന്നു തൃണമൂലിന്റെ വരുമാനം. വരുമാനത്തില്‍ 3,628.47 ശതമാനം വളര്‍ച്ചയാണ് പാര്‍ട്ടിക്കുണ്ടായത്.

സംഭാവന, വിഹിതം എന്നിവയില്‍ നിന്നാണ് ദേശീയ പാര്‍ട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത്. ബിജെപിക്ക് 2,354.02 കോടി, കോണ്‍ഗ്രസിന് 551.55 കോടി, തൃണമൂല്‍ കോണ്‍ഗ്രസിന് 141.54 കോടി, സിപിഎമ്മിന് 37.228 കോടി, സിപിഐയ്ക്ക് 4.08 കോടി എന്നിങ്ങനെയാണ് കണക്കുകള്‍.

അതേസമയം കേന്ദ്രം കൊണ്ടുവന്ന ഇലക്ടറല്‍ ബോണ്ട് സംവിധാനത്തിനെതിരെ നിയമ വഴിയിലൂടെ എതിര്‍പ്പ് ഉയര്‍ത്തുമ്ബോഴും പ്രതിപക്ഷ കക്ഷികള്‍ ഇതേമാര്‍ഗത്തിലൂടെ ലഭിക്കുന്ന വരുമാനം സ്വീകരിക്കുന്നുണ്ടെന്നും അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുമ്ബോഴും പേര് വെളിപ്പെടുത്തേണ്ടതില്ലെന്നതാണ് ഇലക്ടറല്‍ ബോണ്ടിന്റെ വ്യസ്ഥ. ഇലക്ടറല്‍ ബോണ്ട് വഴി 1,931.43 കോടി രൂപയാണ് ആറ് ദേശീയപാര്‍ട്ടികള്‍ക്കുമായി ലഭിച്ചിരിക്കുന്നത്.

Post a Comment

0 Comments