ജീവനെടുത്തത് സുരക്ഷാ വീഴ്ച; അംഗീകാരം ഇല്ലാത്ത എൻജിനീയർമാർ സജീവം
കുവൈത്ത് സിറ്റി ∙ ആറുപേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിൽ ദുരന്തം വിരൽചൂണ്ടുന്നതു നിർമാണ മേഖലയിലെ സുരക്ഷാ നടപടികളിലെ വീഴ്ചയെന്ന് സാങ്കേതിക വിദഗ്ധർ. നിർമാണ സ്ഥലങ്ങളിലെ അപകടങ്ങളിൽ കഴിഞ്ഞ 2 വർഷത്തിനിടെ 37 പേർക്കാണ് ജീവഹാനി നേരിട്ടത്. 47പേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്നാണ് കണക്ക്.
അതേസമയം കഴിഞ്ഞ ദിവസം അപകടമുണ്ടായ പാർപ്പിട നഗര നിർമാണ സൈറ്റിൽ ജോലി ചെയ്യുന്ന എൻജിനീയർമാരിൽ ഭൂരിപക്ഷത്തിനും അക്രഡിറ്റേഷൻ ഇല്ലെന്ന് കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റി പ്രസിഡന്റ് ഫൈസൽ അൽ അതീൽ വെളിപ്പെടുത്തി. അക്രഡിറ്റേഷനുവേണ്ടി അവരാരും സൊസൈറ്റിയെ സമീപിച്ചിട്ടുമില്ല.
എൻജിനീയർമാർ അക്രഡിറ്റേഷൻ ഉള്ളവരായിരിക്കണമെന്ന് സൊസൈറ്റി നിരന്തരം ആവശ്യപ്പെടുന്നുവെങ്കിലും വിദേശ കൺസൽറ്റന്റുമാർക്ക് കീഴിൽ ഒട്ടേറെ പേർ ഇപ്പോഴും അക്രഡിറ്റേഷൻ സമ്പാദിക്കാതെ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാകാര്യങ്ങൾ ഉറപ്പുവരുത്തണമെന്ന നിർദേശം അംഗീകരിക്കപ്പെടാതെ പോയതിന്റെ ഫലമാണ് മുത്‌ല ദുരന്തം. ഈ പ്രവണത ഇനിയും തുടരാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അറിയാം, അപകട കാരണങ്ങൾ
∙സുരക്ഷാ സംവിധാനത്തിന്റെ അഭാവം.
∙കുഴിച്ചെടുക്കുന്ന ഭാഗത്ത് താൽകാലിക സപ്പോർട്ട് നൽകുന്നതിൽ വന്ന വീഴ്ച.
∙ഡ്രില്ലിങ് യന്ത്രങ്ങൾ കുഴിയുടെ ഓരം ചേർന്ന് സ്ഥാപിച്ചത്.
∙ 5മീറ്ററോളം താഴെയായി ഉണ്ടായിരുന്ന തൊഴിലാളികൾ.
∙ബന്ധപ്പെട്ട എൻജിനീയറിങ് അതോറിറ്റിയുടെ സാന്നിധ്യം കുഴിയെടുക്കുന്ന സമയത്ത് ഇല്ലാതിരുന്നത്.
∙അപകട സൂചനകൾ ഇല്ലാതിരുന്നത്.
∙കരാറുകാരനുമേൽ സൂപ്പർവൈസിങ് അധികൃതരുടെ നിയന്ത്രണക്കുറവ്.
∙ആംബുലൻസ് ഉൾപ്പെടെ രക്ഷാ സംവിധാനങ്ങളുടെ സാന്നിധ്യം അടുത്തില്ലാതിരുന്നത്.
∙കുഴിയിലിറങ്ങിയ തൊഴിലാളികളെ സേഫ്റ്റി ബെൽറ്റുമായി ബന്ധിപ്പിക്കാതിരുന്നത്.
0 Comments