എല്ലാവരോടും മാപ്പ്, തെറ്റു ചെയ്തവര്‍ക്ക് മാപ്പില്ല''; ദുരൂഹത ഉയര്‍ത്തി കത്ത്
കൊടുങ്ങല്ലൂര്‍: പുല്ലൂറ്റ് കോഴിക്കട ബസ്സ്റ്റോപ്പിന് സമീപം ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടില്‍നിന്നു ലഭിച്ച കത്ത് പോലീസിനെ കുഴക്കുന്നു. കത്തിലെ എല്ലാവരോടും മാപ്പ്, തെറ്റു ചെയ്തവര്‍ക്ക് മാപ്പില്ല എന്ന വാചകമാണ് ദുരൂഹത ഉയര്‍ത്തുന്നത്.
വ്യാഴാഴ്ച വൈകീട്ടുവരെ വീട്ടില്‍ ആളനക്കമുണ്ടായിരുന്നതായി നാട്ടുകാരും പറയുന്നു. വ്യാഴാഴ്ച രാത്രിയിലായിരിക്കും ഇവര്‍ മരിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന.
കെട്ടിടങ്ങളുടെ ഡിസൈന്‍ ജോലിക്കാരനായ വിനോദ് സൗമ്യനും മിതഭാഷിയുമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാള്‍ ബന്ധുക്കളുമായും അയല്‍വാസികളുമായും അകലം പാലിച്ചിരുന്നു. രമ വിവാഹത്തിന് മുമ്ബ് ജോലിചെയ്തിരുന്ന വടക്കേനടയിലെ സൂര്യ കോംപ്ലക്സിലെ ഫാന്‍സി ഷോപ്പില്‍ ഒരു മാസം മുമ്ബാണ് വീണ്ടും ജോലിക്കെത്തിയത്. രണ്ടാഴ്ച മുമ്ബ് കടയുടമ രമയെ ചുമതലയേല്‍പ്പിച്ച് ബെംഗളൂരുവിലുള്ള മകളുടെ വീട്ടിലേക്ക് പോയി. തുടര്‍ന്ന് രമയാണ് കട നോക്കിനടത്തിയിരുന്നത്.
വെള്ളവും നല്ല വഴിയുമുള്ള ഒരു വീടും മകളുടെ വിവാഹവുമായിരുന്നു രമയുടെ സ്വപ്നം. ഇപ്പോള്‍ താമസിക്കുന്ന വീട് വിറ്റ് ഇത്തരത്തിലുള്ള ഒരു വീട് വാങ്ങണമെന്ന ആഗ്രഹം രമ അടുത്ത സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു.
മൃതദേഹപരിശോധനാ റിപ്പോര്‍ട്ടും രാസപരിശോധനാ ഫലവും ലഭിച്ചാല്‍ മാത്രമേ മരണ കാരണത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കുകയുള്ളു.
മൃതദേഹങ്ങള്‍ സംസ്‌കരിച്ചു
കൊടുങ്ങല്ലൂര്‍: പുല്ലൂറ്റ് കോഴിക്കടയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട മാതാപിതാക്കളുടെയും രണ്ടു മക്കളുടെയും മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹപരിശോധനയ്ക്ക് ശേഷം പുല്ലൂറ്റ് ചാപ്പാറയിലുള്ള സഹോദരന്‍ ബിനിലിന്റെ വീട്ടിലേക്കാണ് മൃതദേഹങ്ങള്‍ എത്തിച്ചത്. തിങ്കളാഴ്ച രാത്രി 7.30-നായിരുന്നു ശവസംസ്‌കാരം. മരിച്ച വിനോദിന്റെ സഹോദരനായ ബിനിലാണ് ചിതകള്‍ക്ക് തീകൊളുത്തിയത്.
ഞായറാഴ്ച വൈകീട്ടാണ് പുല്ലൂറ്റ് കോഴിക്കട തൈപ്പറമ്ബത്ത് വിനോദിനെയും ഭാര്യ രമയെയും മക്കളായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി നയന, നാലാം ക്ലാസ് വിദ്യാര്‍ഥി നീരജ് എന്നിവരെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുദിവസത്തോളം പഴക്കമുള്ള മൃതദേഹങ്ങള്‍ അഴുകിയ നിലയിലായിരുന്നു. ജനല്‍ക്കമ്ബിയില്‍ തൂങ്ങിനിന്നിരുന്ന മകള്‍ നയനയുടെ കാലുകള്‍ പ്ലാസ്റ്റിക് കയറുകൊണ്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. രമയുടെ മുഖത്ത് കരിവാളിച്ച അടയാളവും കണ്ടെത്തി. മൃതദേഹങ്ങള്‍ അഴുകിയിരുന്നതുമൂലം കാഴ്ചയില്‍ മറ്റു തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ല.
തിങ്കളാഴ്ച രാവിലെ പോലീസ് ഡോഗ് സ്‌ക്വാഡിലെ ഹണിയെ സംഭവം നടന്ന വീട്ടില്‍ കൊണ്ടുവന്നെങ്കിലും മണം പിടിക്കാന്‍ കഴിയാത്തതിനാല്‍ തിരിച്ചുകൊണ്ടുപോയി. മരിച്ച വിനോദിന്റെയും ഭാര്യ രമയുടെയും മൊബൈല്‍ ഫോണുകള്‍ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കും. മറ്റൊരു ഫോണ്‍കൂടി വീട്ടില്‍ ഉപയോഗിച്ചിരുന്നതായി പറയുന്നു.




0 Comments