വിമാന യാത്രക്കാരെ തട്ടി കൊണ്ടു പോയി കൊള്ളയടിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍

വിമാന യാത്രക്കാരെ തട്ടി കൊണ്ടു പോയി കൊള്ളയടിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍


കൊണ്ടോടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാല് പേര്‍ കൂടി പിടിയില്‍. കോഴിക്കോട് സ്വദേശികളായ നാല് പേരാണ് കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്. മുഖ്യ സൂത്രധാരന്‍ കോഴിക്കോട് കാരപ്പറമ്ബ് സ്വദേശി ഹൈനേഷടക്കമുള്ളവരാണ് പിടിയിലായത്. കാരപ്പറമ്ബ് സ്വദേശി ഹൈനേഷ്, അത്തോളി സ്വദേശി നിജില്‍ രാജ്, വെസ്റ്റ്ഹില്‍ സ്വദേശി സുദര്‍ശ്, ബേപ്പൂര്‍ സ്വദേശി ഹരിശങ്കര്‍ എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ ഉപയോഗിച്ച ബൈക്ക് പൊലീസ് പിടിച്ചെടുത്തു.

കേസില്‍ പരപ്പനങ്ങാടി സ്വദേശി റഷീദിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്വര്‍ണം ഉണ്ടെന്ന് കരുതി തട്ടിക്കൊണ്ട് പോയ ദക്ഷിണ കന്നഡ സ്വദേശിയെ പിന്നീട് സ്വര്‍ണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ഇവര്‍ക്ക് കൊട്ടേഷന്‍ സംഘങ്ങളെ എത്തിച്ച്‌ കൊടുക്കുന്നതടക്കമുള്ള സഹായം ചെയ്യുന്ന മലപ്പുറം സ്വദേശിയെ തിരിച്ചറിഞ്ഞതായും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും മംഗളുരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വന്‍ കൊള്ളസംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.

ഫെബ്രുവരി 15-നാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങി ഓട്ടോയില്‍ കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ദക്ഷിണ കന്നഡ സ്വദേശി അബ്ദുള്‍ നാസര്‍ ഷംസാദിനെയും സുഹൃത്തിനെയും പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്ന വിവരം ചോര്‍ത്തി കൊള്ളയടിക്കുന്നത് നിത്യ സംഭവമാണ്. സാധാരണ യാത്രക്കാരും സംഘത്തിന്റെ ആക്രമണത്തിന് ഇരയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നാല് കേസുകളാണ് ഇത്തരത്തില്‍ പൊലീസിന് മുന്നിലെത്തിയത്.

Post a Comment

0 Comments