ആധാരം- ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ലെന്നു റവന്യൂമന്ത്രി
തിരുവനന്തപുരം : ആധാരം ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമല്ലെന്നു റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. പക്ഷേ, ബന്ധിപ്പിക്കാതെ വിയോജിക്കുന്നവര്‍ അതിനു കാരണം അറിയിക്കണമെന്നും മന്ത്രി വ്യക്‌തമാക്കി.
തണ്ടപ്പേര്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികളില്‍ ആശങ്ക വേണ്ട. ഒറ്റ തണ്ടപ്പേരിലേക്ക് കൈവശമുള്ള എല്ലാ ഭൂമിയും മാറുന്നതോടെ കൃത്യത ഉറപ്പാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഭൂഉടമകളുടെ തണ്ടപ്പേര്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ക്ക് അംഗീകാരം നല്‍കി കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ദേശീയതലത്തില്‍ തണ്ടപ്പേര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെത്തുടര്‍ന്നാണ് സംസ്‌ഥാന സര്‍ക്കാര്‍ ഉത്തരവ്. ഈ തീരുമാനം ആധാര്‍ കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കു വിരുദ്ധമാണെന്നും നിയമവിദഗ്‌ധര്‍ വ്യക്‌തമാക്കുന്നു. സുപ്രീംകോടതി വിധിപ്രകാരം, സര്‍ക്കാര്‍ സബ്‌സിഡിക്ക് മാത്രമാണ് ആധാര്‍ നിര്‍ബന്ധമാക്കാനാകവുക. എന്നാല്‍, ഇപ്പോള്‍ ഭൂമി രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് കേന്ദ്ര സര്‍ക്കാരിന് സംസ്‌ഥാനത്തിന്റെ അധികാരത്തില്‍ കൈകടത്താന്‍ അവസരമൊരുക്കികൊടുക്കുന്നതാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇത് ദേശീയ ജനസംഖ്യാ രജിസ്‌റ്ററിന് സഹായകരമാകുമെന്ന അഭിപ്രായവുമുണ്ട്. സുപ്രീം കോടതി വിധി വരുന്നതിന് മുമ്ബുതന്നെ ദേശീയ ജനസംഖ്യാ രജിസ്‌റ്ററിന്റെ വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ച് ഒന്നാക്കി കഴിഞ്ഞു. ഇതോടെ രണ്ടിന്റെ വിവര സ്രോതസ് ഒന്നായിക്കഴിഞ്ഞു. ആ സാഹചര്യത്തില്‍ ഭൂമി രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് പരോക്ഷമായി ജനസംഖ്യാ രജിസ്‌റ്ററിനെ സഹായിക്കുന്നതാകുമോയെന്ന സംശയവും ഉയരുന്നുണ്ട്.
എന്നാല്‍, അത്തരത്തിലുള്ള ഒരു ആശങ്കയും വേണ്ടെന്നാണ് റവന്യുവകുപ്പും മന്ത്രിയും പറയുന്നത്. ഭൂമിയുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ വേണ്ടി മാത്രമാണ് ഈ തീരുമാനം.
0 Comments