തൃശ്ശൂരിലെ കാട്ടു തീ മനുഷ്യ നിര്‍മിതം; വനംവകുപ്പ് അന്വേഷണം തുടങ്ങി
ചെറുതുരുത്തി: ദേശമംഗലം കൊറ്റന്പത്തൂര് വനമേഖലയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ കാട്ടുതീ മനുഷ്യനിര്മിതമെന്നു പീച്ചി ഡിഎഫ്ഒ രാജേഷ്. പ്രദേശത്തു സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ വനംവകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. കാട്ടുതീ നിയന്ത്രണവിധേയമായതായും കാറ്റു കൂടിയതു വിനയായെന്നും അദ്ദേഹം പറഞ്ഞു.
വനത്തിനുള്ളിലേക്കു തീ പടര്‍ന്നതു ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറി പാട്ടത്തിനെടുത്ത പ്രദേശത്തു നിന്നാണെന്നു കണ്ടെത്തിയിട്ടുണ്ട്. അവരോടു വിശദീകരണം ചോദിച്ചിട്ടുണ്ട്. മനഃപൂര്‍വമോ അല്ലാതെയോ തീയിട്ടതിനാണ് കേസെടുത്തിട്ടുള്ളത്. ഇതേ പ്രദേശത്തു നിന്നു മുന്‍പും ഇത്തരത്തില്‍ തീ പടര്ന്നിരുന്നതു ശ്രദ്ധയില്‍പെട്ടിരുന്നതായും ഡിഎഫ്ഒ പറഞ്ഞു.
കാട്ടു തീയില്‍ പൊലിഞ്ഞ മൂന്നു വനംവകുപ്പ് ജീവനക്കാരുടേയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. കുടുംബങ്ങള്‍ക്കു സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. കാട്ടു തീ വനമേഖലയില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളിലേക്ക് പടരാതിരിക്കാന്‍ പ്രത്യേകം ജാഗ്രത പാലിച്ചിരുന്നു. ഫയര്‍ഫോഴ്സും വനംവകുപ്പും നാട്ടുകാരും അടങ്ങുന്ന അന്‍പതോളം സംഘം ഏറെ നേരം പ്രയത്നിച്ചാണ് തീ നിയന്ത്രിച്ചത്
0 Comments