സൈന്യത്തില്‍ ലിംഗനീതി
ന്യൂഡല്‍ഹി: സൈന്യത്തില്‍ ലിംഗനീതി ഉറപ്പാക്കാന്‍ സുപ്രധാന ഇടപെടലുമായി സുപ്രീംകോടതി. കരസേനയില്‍ വനിതകള്‍ക്കും സ്ഥിരം കമ്മിഷന്‍പദവി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി.
വനിതകള്‍ സൈന്യത്തിന്റെ കമാന്‍ഡ് പദവിയിലെത്താന്‍ വഴിതെളിക്കുന്നതാണ് സുപ്രീംകോടതിയുടെ നടപടി. മൂന്നുമാസത്തിനകം ഇത് നടപ്പാക്കണമെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, അജയ് രസ്‌തോഗി എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.
വനിതാ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്കും സ്ഥിരംകമ്മിഷന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന ഡല്‍ഹി ഹൈക്കോടതിയുടെ 2010-ലെ വിധിയാണ് സുപ്രീംകോടതി ശരിവെച്ചത്. ഹൈക്കോടതിവിധിക്കെതിരേ പ്രതിരോധമന്ത്രാലയമാണ് സുപ്രീംകോടതിയെ സമീപിച്ചത്. സര്‍വീസിലുള്ള എല്ലാ വനിതാ ഉദ്യോഗസ്ഥര്‍ക്കും വിധി ബാധകമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
വനിതകള്‍ക്ക് പരിമിതമായിമാത്രം സ്ഥിരം കമ്മിഷന്‍ നല്‍കുന്ന കേന്ദ്രതീരുമാനം ഫലത്തില്‍ റദ്ദാക്കുന്നതാണ് വിധി. ഹൈക്കോടതിവിധിക്ക് സ്റ്റേ ഇല്ലാതിരുന്നിട്ടും നടപ്പാക്കാത്തതിന് കേന്ദ്രത്തെ സുപ്രീംകോടതി വിമര്‍ശിച്ചു. സൈന്യത്തിലെ പത്തുവിഭാഗങ്ങളിലും സ്ഥിരം കമ്മിഷന്‍ നല്‍കണം. ഇതില്‍ ജഡ്ജി, അഡ്വക്കേറ്റ് ജനറല്‍, ആര്‍മി എജ്യുക്കേഷന്‍ കോര്‍ എന്നിവയൊഴികെയുള്ളവയില്‍ വനിതകള്‍ക്ക് സ്ഥിരം കമ്മിഷന്‍ നല്‍കാന്‍ 2019-ല്‍ കേന്ദ്രം നയമുണ്ടാക്കിയിരുന്നു.
ഷോര്‍ട്ട് സര്‍വീസ് കമ്മിഷനിലുള്ള വനിതകള്‍ക്ക് പത്തുവര്‍ഷമാണ് സേവനകാലാവധി. നാലുവര്‍ഷംകൂടി നീട്ടിനല്‍കാറുമുണ്ട്. ഇതുപ്രകാരം പരമാവധി ലെഫ്. കേണല്‍ പദവിവരെ ഉയരാം. എന്നാല്‍, സുപ്രീംകോടതിയുടെ വിധി നടപ്പാകുന്നതോടെ പുരുഷന്മാര്‍ക്ക് തുല്യമായി സ്ത്രീകള്‍ക്കും ഏതു പദവിവരെയും ഉയരാന്‍ അവസരമായി.
0 Comments