തലശ്ശേരി ടൂറിസം പദ്ധതിയില്‍ 37.42 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി

തലശ്ശേരി ടൂറിസം പദ്ധതിയില്‍ 37.42 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി


തലശ്ശേരി: തലശ്ശേരി ടൂറിസം പദ്ധതിയിലെ 187 കോടി രൂപയുടെ പദ്ധതിയില്‍ രണ്ട്‌ ഘട്ടങ്ങളിലായി 37.42 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി. കഴിഞ്ഞവര്‍ഷം 5.42 കോടി രൂപയുടെയും ഇത്തവണ 32 കോടി രൂപയുടെയും പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. ഇതില്‍ 16.42 കോടി രൂപയുടെ പദ്ധതി തലശ്ശേരി നിയോജകമണ്ഡലത്തിലാണ് നടപ്പാക്കുന്നത്. 5.42 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയായി. രണ്ടാംഘട്ടത്തില്‍ തലശ്ശേരി നിയോജകമണ്ഡലത്തില്‍ 11.66 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് എ.എന്‍.ഷംസീര്‍ എം.എല്‍.എ. പറഞ്ഞു. 137 കോടി രൂപയുടെ പദ്ധതി കിഫ്ബിയില്‍ സമര്‍പ്പിച്ചിരിക്കയാണ്.

വിപുലം ഈ വിനോദസഞ്ചാരം

കണ്ണൂര്‍, കോഴിക്കോട്, വയനാട് എന്നീ മൂന്ന് ജില്ലകളിലായാണ് തലശ്ശേരി ടൂറിസംപദ്ധതി നടപ്പാക്കുന്നത്. ഒന്‍പത് നിയോജക മണ്ഡലങ്ങളും ഒരു കോര്‍പ്പറേഷനും ആറ് നഗരസഭകളും നിരവധി ഗ്രാമപ്പഞ്ചായത്തുകളും പദ്ധതിയുടെ ഭാഗമാകും. 19 മ്യൂസിയം, 10 ഗാലറി, 10 കുളം, ഏഴ് കണ്‍വെന്‍ഷന്‍ സെന്റര്‍, മൂന്ന് ഹോംസ്റ്റേ, 11 ലൈബ്രറി, 12 മാര്‍ക്കറ്റ് എന്നിവ പദ്ധതിയിലുള്‍പ്പെടും. ഹാര്‍ബര്‍ ടൗണ്‍ സര്‍ക്യൂട്ട്, പഴശ്ശി സര്‍ക്യൂട്ട്, ഫോക്‌ലോര്‍ സര്‍ക്യൂട്ട്, കള്‍ച്ചറല്‍ സര്‍ക്യൂട്ട് എന്നിങ്ങനെ നാല്‌ വിഭാഗങ്ങളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുക.

Post a Comment

0 Comments