അടിപ്പാത നിര്‍മാണം: തലശ്ശേരിക്കും മാഹിക്കുമിടയില്‍ തീവണ്ടിയുടെ വേഗം കുറയും
തലശ്ശേരി: തലശ്ശേരിക്കടുത്തുള്ള മൂന്നാം ഗേറ്റിലും സമീപത്തും തലശ്ശേരിയില്‍നിന്ന് മാഹിയിലേക്കുള്ള തീവണ്ടികള്‍ വേഗംകുറച്ച് ഓടും. അടിപ്പാത നിര്‍മാണം പൂര്‍ത്തിയാകുംവരെ ഈ സ്ഥിതി തുടരും. അടിപ്പാത നിര്‍മാണത്തിന്റെ ഭാഗമായി കുഴിയെടുത്തതിനെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചില്‍ കാരണമാണ് വണ്ടികള്‍ക്ക് വേഗം കുറയ്ക്കേണ്ടിവന്നത്. 10 കിലോമീറ്റര്‍ വേഗത്തിലായിരിക്കും മൂന്നാം ഗേറ്റിലൂടെ വണ്ടികള്‍ കടന്നുപോവുക. ഞായറാഴ്ച ഇതിലും കുറവുവേഗത്തിലാണ് വണ്ടികള്‍ പോയത്. ഞായറാഴ്ച രാവിലെയാണ് മണ്ണിടിച്ചില്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്ന് രണ്ട് വണ്ടികള്‍ നിര്‍ത്തിയിട്ടു. എന്‍ജിനീയറിങ് വിഭാഗത്തിന്റെ പരിശോധനയ്ക്കുശേഷം വേഗം കുറച്ച് വണ്ടി ഓടിത്തുടങ്ങി. ഭാഗ്യംകൊണ്ടാണ് അപകടം ഒഴിവായത്. അടിപ്പാത നിര്‍മാണം നടക്കുമ്ബോള്‍ തീവണ്ടികള്‍ക്ക് വേഗനിയന്ത്രണമുണ്ടാകാറുണ്ട്. എന്നാല്‍, ഇവിടെ സാധാരണവേഗത്തില്‍ത്തന്നെയാണ് വണ്ടികള്‍ പോയത്. മണ്ണെടുത്ത ഭാഗത്ത് വെള്ളം കെട്ടിനില്‍ക്കുന്നുണ്ട്. ഇവിടെ പശിമയുള്ള മണ്ണായതിനാല്‍ ഇടിയാന്‍ സാധ്യതയേറെയായിരുന്നു. മണ്ണിടിയാതിരിക്കാന്‍ ഇപ്പോള്‍ മണല്‍ച്ചാക്കുകള്‍ വെച്ച് ഉറപ്പിച്ചിരിക്കയാണ്. തെങ്ങിന്‍തടി താഴ്ത്തി വശങ്ങള്‍ ഉറപ്പിക്കുന്ന പണിയാണ് തിങ്കളാഴ്ച നടന്നത്.
മാഹിയില്‍നിന്ന് തലശ്ശേരിയിലേക്കുള്ള പാളത്തിന് സമീപം അടിപ്പാത നിര്‍മാണം തുടങ്ങിയിട്ടില്ല. ഈ ഭാഗത്ത് മണ്ണ് നീക്കംചെയ്യാന്‍ തുടങ്ങിയാല്‍ മാഹിയില്‍നിന്ന് തലശ്ശേരിയിലേക്കുള്ള പാതയിലും വേഗനിയന്ത്രണം വേണ്ടിവരുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. ഇപ്പോള്‍ ഇതിലെ 75 കിലോമീറ്റര്‍ വേഗത്തിലാണ് കടന്നുപോകുന്നത്. ഡിസംബര്‍ ആദ്യവാരമാണ് അടിപ്പാത നിര്‍മാണം തുടങ്ങിയത്. രണ്ടുമാസമായിട്ടും പണി ഇഴയുകയാണ്. ഇവിടെ അടിപ്പാത നിര്‍മിച്ചാല്‍ സമീപപ്രദേശങ്ങളിലെ വീടുകളില്‍ വെള്ളംകയറുമെന്ന് ചിലര്‍ ആശങ്കപ്രകടിപ്പിച്ചിരുന്നു. അത്തരം പ്രശ്നമുണ്ടാകില്ലെന്ന് റെയില്‍വേ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് ഉറപ്പുനല്‍കിയ ശേഷമാണ് പണി തുടങ്ങിയത്.
0 Comments