പാളങ്ങള്‍ക്കിടയിലെ രക്ഷകന്‍

പാളങ്ങള്‍ക്കിടയിലെ രക്ഷകന്‍


തീവണ്ടിയില്‍ മരണത്തെ മുഖാമുഖം കണ്ട ഒരുപിടി യാത്രക്കാരുടെ രക്ഷകനാണ് മാഹി സ്വദേശിയായ ഫൈസല്‍ ചെള്ളത്ത് എന്ന സി.എച്ച്‌.ഫൈസല്‍ റഹ്‌മാന്‍. 2017-ല്‍ കോഴിക്കോട് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട പാസഞ്ചറിലേക്ക് ഓടിക്കയറുന്നതിനിടയില്‍ തലയ്ക്ക്‌ പരിക്കേറ്റ പയ്യന്നൂര്‍ സ്വദേശി സജീഷിനെ ആസ്പത്രിയിലെത്തിച്ചത്‌ ഫൈസലായിരുന്നു. മെഡിക്കല്‍ റപ്രസന്റേറ്റീവായ സജീഷിന്റെ തല ഓടിക്കയറുന്നതിനിടയില്‍ തീവണ്ടിയില്‍ വെള്ളം നിറയ്ക്കുന്ന വാള്‍വിലിടിക്കുകയായിരുന്നു.

രക്തം നിലയ്ക്കാതെവന്നപ്പോള്‍ ഫൈസല്‍ ചങ്ങലവലിച്ച്‌ തീവണ്ടി നിര്‍ത്തി. സജീഷിനെ ഓട്ടോയില്‍ കയറ്റി കോഴിക്കോട്‌ ബീച്ച്‌ ആസ്പത്രിയിലെത്തിച്ച്‌ ബന്ധുക്കളെ വിവരമറിയിച്ചാണ്‌ ഫൈസല്‍ മടങ്ങിയത്‌. 2018 ജൂലായ് 27-ന് ടിക്കറ്റില്ലാതെ യാത്ര ചെയ്ത നീലേശ്വരം സ്വദേശികളായ വിദ്യാര്‍ഥികളെ തീവണ്ടിയിലെ പരിശോധകര്‍ പിടിച്ചു. മാഹി സ്റ്റേഷനില്‍നിന്ന് തൊട്ടടുത്ത കോച്ചിലേക്ക് മാറിക്കയറുന്നതിനിടെ രണ്ടുപേരും വീണു. പ്ലാറ്റ്‌ഫോമില്‍നിന്ന് വണ്ടിക്കിടയിലേക്ക് വീഴുമെന്നായപ്പോള്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ഇരുവരേയും കൂട്ടിപ്പിടിച്ച്‌ വലിച്ചെടുത്ത് രക്ഷിക്കുകയായിരുന്നുവെന്ന്‌ ഫൈസല്‍ പറയുന്നു.
മറ്റൊരിക്കല്‍ ഓടുന്ന വണ്ടിയുടെ ജനല്‍ ഷട്ടറില്‍ കുടുങ്ങി കൈവിരലുകള്‍ അറ്റുപോയ യുവാവിനെ തൊട്ടടുത്ത സ്റ്റേഷനിലിറക്കി ആസ്പത്രിയിലെത്തിച്ചിട്ടുണ്ട്‌ ഫൈസല്‍. തീവണ്ടിയിലെ ശൗചാലയത്തിന്റെ വാതില്‍ അടഞ്ഞതിനെത്തുടര്‍ന്ന്‌ കുടുങ്ങിയ സ്ത്രീയെ രക്ഷപ്പെടുത്താനും ഫൈസല്‍ ഉണ്ടായിരുന്നു.

മാഹി റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോം മുറിച്ചുകടക്കവെ ട്രാക്കില്‍ വീണ മദ്യപനെ തീവണ്ടിക്ക്‌ മുന്നില്‍നിന്ന്‌ ജീവിതത്തിലേക്ക്‌ പിടിച്ചുകയറ്റിയതും മറക്കാനാകില്ലെന്ന്‌ ഫൈസല്‍ പറയുന്നു. ഏറ്റവുമൊടുവില്‍ ഫെബ്രുവരി അഞ്ചിന് രാത്രി ദാദര്‍ എക്സ്പ്രസ്സില്‍ യാത്രചെയ്യുകയായിരുന്ന കണ്ണൂര്‍ പട്ടാന്നൂരിലെ അനുരാഗി(19) നെ രക്ഷപ്പെടുത്താന്‍ ഒരു നിമിത്തമായതും ഫൈസല്‍ തന്നെ.

Post a Comment

0 Comments