പൈതല്‍ മലയില്‍ തീ പിടിത്തം: 20 ഏക്കര്‍ കത്തിനശിച്ചു

പൈതല്‍ മലയില്‍ തീ പിടിത്തം: 20 ഏക്കര്‍ കത്തിനശിച്ചു


നടുവില്‍: പൈതല്‍ മലയിലെ പുല്‍മേട്ടില്‍ വന്‍ തീപ്പിടിത്തം. 20 ഏക്കറോളം സ്ഥലം കത്തിനശിച്ചതായാണ് കണക്കാക്കുന്നത്. മലയുടെ പടിഞ്ഞാറ് ഭാഗത്ത് മഞ്ഞപ്പുല്ലില്‍ നിന്നും പ്രവേശിക്കുന്ന വഴിയില്‍ നിന്നും അല്പം മാറിയാണ് തീപിടിത്തമുണ്ടായത്. വനം വകുപ്പ് ജീവനക്കാര്‍ ഏറെ പാടുപെട്ട് തീ നിയന്ത്രിച്ചു. ഇതുമൂലം വനഭാഗത്തേക്ക് പടരുന്നത് തടയാന്‍ കഴിഞ്ഞു. തീ പടര്‍ന്ന ഭാഗത്തെ ജൈവവൈവിധ്യത്തിന് കനത്ത നാശമുണ്ടായിട്ടുണ്ട്. മലയുടെ ഏറ്റവും കണ്ണായ സ്ഥലമാണ് ഈ ഭാഗം. സന്ദര്‍ശകര്‍ അശ്രദ്ധമായി തീ കൈകാര്യംചെയ്തതാണ് തീ പിടിത്തത്തിനു കാരണമായതെന്ന് അധികൃതര്‍ പറഞ്ഞു. ഏതാനും വര്‍ഷങ്ങളായി കാട്ടുതീ നിയന്ത്രിക്കാന്‍ വനം വകുപ്പ് കഠിനശ്രമം നടത്തിവരികയാണ്. സന്ദര്‍ശകരെ പരിശോധനനടത്തിയാണ് വനത്തിനുള്ളിലേക്ക് കടത്തി വിടുന്നത്. പ്ലാസ്റ്റിക്, മദ്യ കുപ്പി എന്നിവയും കൊണ്ടുപോകാന്‍ സന്ദര്‍ശകരെ അനുവദിക്കുന്നില്ല.

ഞായറാഴ്ച മുതല്‍ പ്രവേശനമില്ല

തീപിടിത്തത്തെ തുടര്‍ന്ന് ഞായറാഴ്ചമുതല്‍ പൈതല്‍ മലയിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കില്ലെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ കനത്ത ചൂടാണ് മലയിലും പരിസരത്തും അനുഭവപ്പെടുന്നത്.പുല്‍മേടുകള്‍ കരിഞ്ഞുണങ്ങി നില്‍ക്കുകയാണ്.ഉറവകള്‍ ഭൂരിഭാഗവും വരണ്ടു കഴിഞ്ഞു.ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് സന്ദര്‍ശക നിയന്ത്രണം.മഞ്ഞപ്പുല്ല്,പൊട്ടന്‍ പ്ലാവ്,പാത്തന്‍പാറ തുടങ്ങിയ സ്ഥലങ്ങള്‍ വഴിയാണ് ആളുകള്‍ എത്തുന്നത്.അവധി ദിവസങ്ങളില്‍ ശരാശരി ആയിരത്തോളം പേര്‍ പൈതല്‍മല സന്ദര്‍ശിക്കുന്നുണ്ട്.

Post a Comment

0 Comments