പയ്യന്നൂര്‍: മേളത്തില്‍ കൊട്ടിക്കയറി കാണികളില്‍ ആവേശംതീര്‍ത്ത് നടന്‍ ജയറാമും മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും. കാറമേല്‍ മുച്ചിലോട്ട് ഭഗവതിക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവം രണ്ടാംദിവസമാണ് മേളപ്രമാണിമാരായി ഇവര്‍ അരങ്ങിലെത്തിയത്. ഒരു മണിക്കൂറിലേറെ ഇരുവരും മേളപ്പെരുക്കം തീര്‍ത്തു. 101 വാദ്യക്കാര്‍ക്കൊപ്പമാണ് ഇരുവരും കൊട്ടിക്കയറിയത്.
വെള്ളിയാഴ്ച നടന്ന കലാസാംസ്കാരിക സമ്മേളനം പി. ജയരാജന്‍ ഉദ്ഘാടനംചെയ്തു. കെ.പി.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായിരുന്നു. എ.മോഹനന്‍, ശശി വട്ടക്കൊവ്വല്‍, എം.രാഘവന്‍, ഡോ. ടി.വി.കുഞ്ഞിക്കണ്ണന്‍, കെ.ടി.എന്‍. ഉല്ലാസന്‍ നമ്ബ്യാര്‍, കെ.പി.മധു, വി.വി.തമ്ബാന്‍, വി.സി.നാരായണന്‍, എം.പി. ബാലഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
ശനിയാഴ്ച രാവിലെ അഞ്ചിന് വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, കുണ്ടോര്‍ ചാമുണ്ഡി, ആറിന് പുലിയൂര്‍കാളി, കുറത്തിയമ്മ. പകല്‍ രണ്ടിന് കൂത്ത്, ചങ്ങനും പൊങ്ങനും, 3.30-ന് മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റം, നെയ്യാട്ടം, അരങ്ങില്‍ അടിയന്തിരം, മംഗല കുഞ്ഞുങ്ങളടക്കം തോറ്റം പ്രദക്ഷിണം. തത്സ്വരൂപം വെള്ളാട്ടം, രാത്രി ഒമ്ബതിന് മുച്ചിലോട്ട് ഭഗവതിയുടെ അന്തിത്തോറ്റം, അടുക്കളയില്‍ എഴുന്നള്ളത്ത്. പുലര്‍ച്ചെ 12-ന് മേലേരിക്ക് അഗ്നിപകരല്‍, വൈകീട്ട് ആറിന് സാംസ്കാരികസമ്മേളനം എം.കെ.രാഘവന്‍ എം.പി. ഉദ്ഘാടനംചെയ്യും. രസികര്‍ കേരളയുടെ മെഗാഷോ അരങ്ങേറും.
0 Comments