രണ്ടേക്കറില്‍ നെല്ലുവിളയിച്ച്‌ വിദ്യാര്‍ഥിക്കൂട്ടം



കണ്ണൂര്‍: ഒഴിവുവേളകള്‍ ക്രിക്കറ്റുകളിച്ചും സിനിമകണ്ടും വാട്ട്സാപ്പില്‍ മുഴുകിയും മാത്രമല്ല ആനന്ദകരമാക്കാന്‍പറ്റുകയെന്ന് തെളിയിച്ച്‌ ഒരുകൂട്ടം മിടുക്കന്‍മാര്‍. അഴീക്കോട്ടെ ഒന്‍പത് സ്കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ രണ്ടേക്കര്‍ തരിശുവയലില്‍ നെല്ലുവിളയിച്ചാണ് മാതൃകയായത്. ഇവര്‍ വിതച്ച 'മുണ്ടോന്‍' ശനിയാഴ്ച വിളവെടുത്തു.

കൃഷിയോടുള്ള വിദ്യാര്‍ഥികളുടെ താത്പര്യംകണ്ട് ഭൂവുടമകള്‍ വയല്‍ സൗജന്യമായി വിട്ടുകൊടുത്തിരുന്നു. അഴീക്കോട് ചാല്‍ ബീച്ചിനടുത്താണ് വയല്‍. അഴീക്കോട് കൃഷി ഓഫീസര്‍ ടി.ഷീബ, യുവകര്‍ഷകനുള്ള പുരസ്കാരംനേടിയ പ്രസാദ് ചോയ്യാന്‍, തലമുതിര്‍ന്ന കര്‍ഷകന്‍ കോട്ടായി ചന്ദ്രന്‍ എന്നിവര്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പംനിന്നു. യുവാക്കളുടെ കൂട്ടായ്മയായ വേറ്റുമ്മല്‍ ടീമിന്റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങളെല്ലാം. വിളവെടുത്തത് പായസമുണ്ടാക്കി നാട്ടുകാര്‍ക്ക് നല്‍കാനാണ് തീരുമാനം.

ശനിയാഴ്ച കൃഷി ഓഫീസര്‍ ടി.ഷീബ വിളവെടുപ്പ് ഉദ്ഘാടനംചെയ്തു. വാര്‍ഡംഗം സനീഷ്‍കുമാറും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.

ഇവര്‍ മിടുക്കന്‍മാര്‍

പി.ആദര്‍ശ് (ഒന്നാംവര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ, ഗവ. പോളിടെക്നിക്, കണ്ണൂര്‍), ഇ.ജിഷ്ണു (ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് രണ്ടാംവര്‍ഷം, സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളേജ്, കാഞ്ഞങ്ങാട്), കെ.അനുഗ്രഹ് (ബി.സി.എ. രണ്ടാംവര്‍ഷം, മൊറാഴ കോ ഓപ്പറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്), കെ.ജിതിന്‍ (പ്ലസ് ടു, അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), സി.മൃദുല്‍ (ഒന്നാംവര്‍ഷം, ശ്രീനാരായണഗുരു കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍‍ഡ് ടെക്നോളജി, പയ്യന്നൂര്‍), സി.യദുല്‍ (പ്ലസ് വണ്‍, അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), ശ്യാംജിത്ത് (ഒന്‍പതാംതരം, അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), ഇ.അനശ്വര്‍ (ഒന്‍പതാംതരം, അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), പി.വി.പ്രണവ് (രണ്ടാംവര്‍ഷ ബി.കോം., ഐ.ടി.എം. കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ്, മയ്യില്‍). ഇവരില്‍ ജിഷ്ണു-ജിതിന്‍ എന്നിവരും മൃദുല്‍-യദുല്‍ എന്നിവരും സഹോദരങ്ങളാണ്.

Post a Comment

0 Comments