കാട്ടുതീ: വാച്ചര്‍മാരുടെ കുടുംബത്തിന് ഏഴരലക്ഷം അനുവദിക്കും
തിരുവനന്തപുരം: തൃശ്ശൂര്‍ വടക്കാഞ്ചേരി കൊറ്റമ്ബത്തൂരില്‍ കാട്ടുതീ തടയാന്‍ ശ്രമിക്കവേ മരിച്ച ഫോറസ്റ്റ് വാച്ചര്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് സഹായധനമായി ഏഴരലക്ഷം രൂപവീതം അനുവദിക്കുമെന്ന് മന്ത്രി കെ. രാജു. മരിച്ചവരുടെ കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിനല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍തലത്തില്‍ ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മരണാനന്തര ചടങ്ങുകള്‍ക്കും ചികിത്സയ്ക്കുമുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. സ്ഥലം സന്ദര്‍ശിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വംനല്‍കാന്‍ മുഖ്യ വനംമേധാവിക്കു നിര്‍ദേശംനല്‍കി. കാട്ടുതീ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതില്‍ എച്ച്.എന്‍.എലിന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കും. കാട്ടുതീ ഉണ്ടാകാനിടയായ സാഹചര്യങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
നഷ്ടപരിഹാരമായി അനുവദിക്കുന്ന ഏഴരലക്ഷത്തില്‍ അഞ്ചുലക്ഷം രൂപ സര്‍ക്കാരില്‍നിന്നാണ് അനുവദിക്കുക. പെരിയാര്‍ ടൈഗര്‍ ഫൗണ്ടേഷനില്‍നിന്ന് രണ്ടരലക്ഷംകൂടി അനുവദിക്കും.
വടക്കാഞ്ചേരി പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ എച്ച്.എന്‍.എല്‍. പ്ലാന്റേഷനില്‍ കഴിഞ്ഞദിവസമുണ്ടായ കാട്ടുതീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലെ ട്രൈബല്‍ വാച്ചര്‍ കെ.യു. ദിവാകരന്‍, താത്‌കാലിക വാച്ചര്‍മാരായ എ.കെ. വേലായുധന്‍, വി.എ. ശങ്കരന്‍ എന്നിവര്‍ മരിച്ചത്.
ഗുജറാത്തില്‍ നടക്കുന്ന സംസ്ഥാന വനംമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്ന മന്ത്രി മടങ്ങിയെത്തിയശേഷം തുടര്‍നടപടി സ്വീകരിക്കും.
0 Comments