തൃശൂര്‍: ഒടുവില്‍ കേരളം ഇ-റേഷന്‍ കാര്‍ഡിലേക്ക്. കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാനാവുന്ന സംവിധാനമാണ് സംസ്ഥാനത്ത് വൈകാതെ പ്രാബല്യത്തില്‍ വരുക.
പ്രിന്റ് എടുക്കാന്‍ സൗകര്യമില്ലാത്തവര്‍ക്ക് അക്ഷയ കേന്ദ്രങ്ങളിലൂടെ കാര്‍ഡ് സ്വന്തമാക്കാം. പ്രിന്റ് തുക മാത്രം നല്കിയാല് മതിയാവും. ആധാര്‍ കാര്‍ഡിന് സമാനമായ കാര്‍ഡായിരിക്കും ഇനി റേഷന്‍ കാര്‍ഡാവുക. ഓണ്‍ലൈനില്‍ ലഭിക്കുന്ന അപേക്ഷകള്‍ താലൂക്ക് സപ്ലൈ ഓഫിസ് പരിശോധിച്ച് അപേക്ഷകന് കാര്‍ഡിന് അര്‍ഹനാണെങ്കില്‍ പ്രിന്റ് എടുക്കാം. ഇതിന് അപേക്ഷയില്‍ നല്കിയ മൊബൈല്‍ നമ്ബറില്‍ കാര്‍ഡ് പ്രിന്റ് ചെയ്യുന്നതിനുള്ള സന്ദേശം ലഭിക്കും. എന്നാല്‍, സന്ദേശമനുസരിച്ച് കാര്‍ഡ് പ്രിെന്റടുക്കാനാവില്ല.
അപേക്ഷകനോ കാര്‍ഡില്‍ അംഗങ്ങളാവുന്ന ആളുകളോ ആണോ പ്രിന്റ് എടുക്കുന്നതെന്ന് പരിശോധിക്കും. ആധാര്‍ അടക്കം പരിശോധിച്ചതിന് പിന്നാലെ അപേക്ഷകന് ഒ.ടി.പി നമ്ബര്‍ ലഭിക്കും. ഇതിനുശേഷം മാത്രമേ പ്രിന്റ് ചെയ്യാനാവൂ. കാര്‍ഡില്‍ ഇംഗ്ലീഷ്, മലയാളം ഭാഷകളുണ്ടാവും. ഒപ്പം ഇതര സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഭാഗങ്ങളില്‍ തമിഴ്, കന്നട അടക്കം ഭാഷകളുമുണ്ടായിരിക്കും.
നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററാണ് ഇ-കാര്‍ഡ് നല്‍കുന്നത്. പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. സെക്യൂരിറ്റി കോഡിങ്ങടക്കം പ്രവര്‍ത്തനങ്ങളാണ് ബാക്കിയുള്ളത്. ബജറ്റില്‍ ഇ-കാര്‍ഡ് പ്രഖ്യാപനം പ്രതീക്ഷിക്കാം. നിലവില്‍ അപേക്ഷിച്ചവര്‍ക്ക് ഇതിന് സൗകര്യമുണ്ടാവില്ല. എന്നാല്‍ നേരത്തെ കാര്‍ഡ് ലഭിച്ചവര്‍ക്ക് ആവശ്യമെങ്കില്‍ ഇ-കാര്‍ഡ് സ്വന്തമാക്കാം.
ഇ-പോസില്‍ വിഭവങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതിനാല്‍ പുസ്തക രൂപത്തിലുള്ള റേഷന്‍ കാര്‍ഡ് വേണ്ടെന്ന നിലപാടാണ് പൊതുവിതരണ വകുപ്പ് സ്വീകരിച്ചത്. എന്നാല്‍, ഭക്ഷ്യഭദ്രത നിയമത്തിന് പിന്നാലെ ഇ-റേഷന്‍ കാര്‍ഡിനെ കുറിച്ച് മൂന്ന് വര്‍ഷമായി പറഞ്ഞിരുന്നെങ്കിലും ഇപ്പോഴാണ് മാറ്റം. എന്നാല്‍, നിലവിലെ റേഷന്‍കാര്‍ഡ് വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സീല്‍ ചെയ്യുന്നതിനും മറ്റും ഉപയോഗിക്കപ്പെടുന്നതിനാലാണ് ഇ-കാര്‍ഡ് വൈകാന്‍ കാരണമെന്നാണ് വിശദീകരണം.
0 Comments