മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വാഹനം വാങ്ങിയാല്‍ ടെന്‍ഷന്‍വേണ്ട; ഇനി എല്‍ഒസി ഇല്ലാതെ നമ്പര്‍ മാറാം
രാജ്യത്തെവിടെനിന്നുമുള്ള വാഹനങ്ങളുടെ കൈമാറ്റം ഇനി സംസ്ഥാനത്ത് നടത്താനാകും. അന്തസ്സംസ്ഥാന വാഹന കൈമാറ്റത്തിന് നിലവില്‍ അതത് സംസ്ഥാനങ്ങളുടെ എന്‍.ഒ.സി. ഉള്‍പ്പെടെ പല രേഖകള്‍ ആവശ്യമായിരുന്നു. ഇവ സംഘടിപ്പിച്ച് വാഹന കൈമാറ്റം നടത്തിയെടുക്കുന്നതിന് മാസങ്ങള്‍ വേണ്ടിവരുമായിരുന്നു.
എന്നാല്‍ ഇത്തരം നടപടികളെല്ലാം മോട്ടോര്‍വാഹന വകുപ്പിന്റെ കേന്ദ്രീകൃത വെബ്സൈറ്റായ വാഹനിലേക്ക് മാറ്റി ഓണ്‍ലൈനാക്കിയതോടെ നടപടികള്‍ വേഗത്തിലാകും. വാഹന കൈമാറ്റത്തിനുപുറമേ രാജ്യത്തെ ഏതൊരു സംസ്ഥാനത്തെയും വാഹന നികുതിയും ഫീസുകളുമെല്ലാം ഇത്തരത്തില്‍ അടയ്ക്കാനാകും.
മോട്ടോര്‍വാഹന വകുപ്പിന്റെ പ്രവര്‍ത്തനം രാജ്യവ്യാപകശൃംഖലയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം. സംസ്ഥാനത്തെ മുഴുവന്‍ വാഹനങ്ങളുടെയും വിവരങ്ങള്‍ വാഹനിലേക്ക് മാറ്റുന്ന ജോലികള്‍ അന്തിമഘട്ടത്തിലാണ്. ഫെബ്രുവരി ആദ്യവാരത്തില്‍തന്നെ ഇത് പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചുതുടങ്ങും.
വാഹന വിവരങ്ങള്‍ ഓണ്‍ലൈനില്‍
വിവിധ സംസ്ഥാനങ്ങളിലെ വാഹനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ പൂര്‍ണമായും വാഹന്‍ വെബ്സൈറ്റില്‍ ലഭ്യമാക്കിക്കഴിഞ്ഞു. വാഹന ഉടമയുടെ ഫോണ്‍നമ്ബര്‍ ഉള്‍പ്പെടെ വെബ്സൈറ്റില്‍ ലിങ്ക് ചെയ്യുന്നുണ്ട്. ഇതോടെ ഓരോ സംസ്ഥാനത്തും നിലവിലുണ്ടായിരുന്ന പ്രത്യേക സംവിധാനം അപ്രസക്തമാകും.
തട്ടിപ്പ് തടയാനാകും
രാജ്യത്തെ മുഴുവന്‍ വാഹനങ്ങളുടെയും വിവരങ്ങള്‍ ഓണ്‍ലൈനായി മാറുന്നതോടെ വാഹന ഇടപാടുകള്‍ സംബന്ധിച്ച് വിവിധയിടങ്ങളില്‍ നിലനില്‍ക്കുന്ന നിയമസംവിധാനവും ഒരേ തരത്തിലാകും. അന്തസ്സംസ്ഥാന വാഹന കൈമാറ്റത്തിലുള്‍പ്പെടെയുണ്ടാകുന്ന തട്ടിപ്പുകളും തടയാനാകും.
ഡ്രൈവിങ് ലൈസന്‍സ് സാരഥിയില്‍
പുതിയ ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതുള്‍പ്പെടെ ലൈസന്‍സ് സംബന്ധമായ നടപടികളും രാജ്യവ്യാപക സംവിധാനമായി മാറി.
0 Comments