ഡി.എച്ച്‌.എഫ്.എല്‍. 12,700 കോടി വകമാറ്റിയതായി എന്‍ഫോഴ്‌സ്‌മെന്റ്

ഡി.എച്ച്‌.എഫ്.എല്‍. 12,700 കോടി വകമാറ്റിയതായി എന്‍ഫോഴ്‌സ്‌മെന്റ്



മുംബൈ: ഭവനവായ്പാസ്ഥാപനമായ ഡി.എച്ച്‌.എഫ്.എല്‍. ഒരു ലക്ഷത്തോളം വ്യാജ അക്കൗണ്ടുകള്‍ വഴി 12,773 കോടി രൂപ വഴിമാറ്റി തട്ടിയെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.). 80 വ്യാജ കമ്ബനികളുടെപേരിലാണ് ഈ പണം നിക്ഷേപിച്ചിരിക്കുന്നതെന്നും മുംബൈയിലെ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇ.ഡി. അറിയിച്ചു.

ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായിരുന്ന ഇഖ്ബാല്‍ മിര്‍ച്ചിയുടെയും കുടുംബത്തിന്റെയും ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഡി.എച്ച്‌.എഫ്.എല്‍. ഉടമ കപില്‍ വാധാവനെ കഴിഞ്ഞ തിങ്കളാഴ്ച ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. ഈ തുകയില്‍ ഒരുഭാഗം ഇഖ്ബാല്‍ മിര്‍ച്ചിക്ക് നല്‍കിയതായും ഇ.ഡി. യുടെ റിപ്പോര്‍ട്ടിലുണ്ട്. വര്‍ളിയില്‍ അഞ്ച് കടലാസ് കമ്ബനികളുടെ പേരില്‍ ഇഖ്ബാല്‍ മിര്‍ച്ചിയുടെ മൂന്നു വസ്തുക്കള്‍ വാധാവന്‍ വാങ്ങിയിട്ടുണ്ട്. രേഖകളില്‍ ഇതിന് 111 കോടി രൂപയാണ് പറയുന്നതെങ്കിലും ഹവാല ഇടപാടായി ദുബായില്‍ 150 കോടിയിലധികം രൂപ കൈമാറിയതായി കണ്ടെത്തി. ഈ കമ്ബനികള്‍ക്ക് ഡി. എച്ച്‌.എഫ്.എല്‍. വായ്പ നല്‍കിയിരുന്നു. ക്രമവിരുദ്ധമായി നല്‍കിയ ഈ വായ്പയുടെ ഒരു ഭാഗം ഇഖ്ബാല്‍ മിര്‍ച്ചിക്ക്‌ നല്‍കിയതാണെന്നും ഇ.ഡി. കരുതുന്നു. വര്‍ളിയില്‍ നിയമവിരുദ്ധമായി ഇഖ്ബാല്‍ മിര്‍ച്ചി സ്വന്തമാക്കിയ ഈ വസ്തുക്കള്‍ സണ്‍ബ്ലിങ്ക് റിയല്‍ എസ്റ്റേറ്റ് എന്ന കമ്ബനി വഴിയാണ് വാധാവന്‍ വാങ്ങിയത്.

ഫെയ്ത്ത് റിയല്‍റ്റേഴ്‌സ്, മാര്‍വെല്‍ ടൗണ്‍ഷിപ്പ്, ഏബിള്‍ റിയല്‍റ്റി, പോസിഡോണ്‍ റിയല്‍റ്റി, റാന്‍ഡം റിയല്‍റ്റേഴ്‌സ് എന്നിവയ്ക്കായി 2010-11 വര്‍ഷങ്ങള്‍ക്കിടയില്‍ 1,500 കോടി രൂപയുടെ വായ്പ ഡി.എച്ച്‌.എഫ്.എല്‍. നല്‍കിയതായി കാണുന്നു. 2019 ജൂലായ് വരെ ഈ വായ്പ ഡി.എച്ച്‌.എഫ്.എല്‍. ബുക്കിലുണ്ട്. പലിശയടക്കം ഇത് 2186 കോടിയായി. വായ്പ നല്‍കുന്ന സമയത്ത് ഇതിന് ഈടുകളൊന്നും വാങ്ങിയിട്ടില്ലെന്നും ഇ.ഡി. കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Post a Comment

0 Comments